ജെ.ഡി.എസ് എന്നാല്‍ ജനതാദള്‍ സംഘ്പരിവാറെന്ന് രാഹുല്‍

ചാമരാജ്‌നഗര്‍: ജെ.ഡി.എസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ പര്യടനം നടത്തുന്ന രാഹുല്‍ ബി.ജെ.പിയുമായുള്ള സഖ്യകാര്യത്തില്‍ ജെ.ഡി.എസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.എസ് ബി.ജെ.പിയുടെ ബി ടീമാണോ എന്ന കാര്യത്തില്‍ അവര്‍ തന്നെ ജനങ്ങള്‍ക്കു മുമ്പാകെ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലെ ആര്‍.കെ പേട്ട് കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.എസ് ബി.ജെ.പിയെ പിന്തുണക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടി വ്യക്തത വരുത്തണം. അല്ലാത്ത പക്ഷം ജെ.ഡി.എസ് എന്നാല്‍ ജനതാദള്‍ സംഘ് പരിവാറാണെന്ന് മുന്‍കാല അനുഭവം വെച്ച് പറയേണ്ടി വരുമെന്നും രാഹുല്‍ ആരോപിച്ചു. വൊക്കലിംഗ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള പഴയ മൈസൂരു മേഖലയിലാണ് രാഹുല്‍ നാലാം ഘട്ട പ്രചാരണം നടത്തുന്നത്. ജെ.ഡി.എസിന്റെ പ്രധാന വോട്ടു ബാങ്കാണ് വൊക്ക ലിംഗ സമുദായം. കര്‍ഷകരുടെ ദുരവസ്ഥക്കും തൊഴിലില്ലായ്മക്കും കാരണം കേന്ദ്ര സര്‍ക്കാറാണെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിന് പോലും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 22,000 കോടിയുമായി നീരവ് മോദി എന്ന വജ്രവ്യാപാരി രാജ്യം വിട്ടിട്ടും ഇക്കാര്യത്തില്‍ നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തു തരത്തിലുള്ള കാവല്‍ക്കാരനാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ചോദിച്ചു.