ജപ്പാനെ വിറപ്പിച്ച് ജെബി ചുഴലിക്കാറ്റ്

 

ടോക്കിയോ: ജപ്പാന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ശക്തിയേറിയ ജെബി ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം.
കനത്ത മഴയും കൊടുങ്കാറ്റും നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചുവീശിയ ജെബി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കൂറ്റന്‍ തിരമാലകളും നാശം വിതച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കടല്‍ക്ഷോഭം പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ഒസാകയിലെ കന്‍സായ് അന്താരാഷ്ട്ര വിമാനത്താവളം പ്രളയത്തെ തുടര്‍ന്ന് അടച്ചു. നൂറുകണക്കിന് വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശികോകു ദ്വീപില്‍നിന്ന് വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആത്മരക്ഷക്കുവേണ്ടി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അപകട മേഖലകളില്‍നിന്ന് എത്രയും വേഗം മാറണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജൂലൈയില്‍ ജപ്പാനിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 200ലേറെ പേര്‍ മരിച്ചിരുന്നു.

SHARE