ഷാജി പാപ്പന്‍ ആശുപത്രിയില്‍,ജോണ്‍ ഡോണ്‍ബോസ്‌കോ ക്വാറന്റെയ്‌നില്‍; ജയസൂര്യയുടെ വീഡിയോ വൈറല്‍

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ജയസൂര്യ. ഷാജി പാപ്പന്‍, അംഗൂര്‍ റാവുത്തര്‍, ജോയ് താക്കോല്‍ക്കാരന്‍, ജോണ്‍ ഡോണ്‍ബോസ്‌കോ എന്നീ കഥാപാത്രങ്ങള്‍ അവയില്‍ ചിലത് മാത്രം. ഈ ലോക്ഡൗണ്‍ കാലത്ത് ഷാജി പാപ്പന്‍ എവിടെയാകും, എന്താകും പാപ്പന്റെയും കൂട്ടരുടെയും പരിപാടി. ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കൗതുകം നിറഞ്ഞ വീഡിയോയാണ് ജയസൂര്യ പങ്കുവെച്ചത്.

വിഡിയോയില്‍ നിന്നുള്ള ജയസൂര്യയുടെ ചില വിവരണങ്ങള്‍:

ഈ കൊറോണക്കാലത്തും അമ്മച്ചിയുടെ അതിയായ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോകാനിരുന്ന ഷാജി പാപ്പനാണ്. അതിനിടെയാണ് പ്ലാവില്‍ ചക്കയിടാന്‍ കേറി നടുവും തല്ലി വീണത്. അബുവും ക്ലീറ്റസും എല്ലാവരും കൂടി പാപ്പനെയും പൊക്കി ആശുപത്രിയില്‍ പോയിട്ടുണ്ട്.

ആനപ്പിണ്ടത്തില്‍ കുറച്ച് കല്‍ക്കണ്ടവും തേനുമൊക്കെ ചേര്‍ത്ത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാന്‍ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി നിരാഹാരം തുടങ്ങാനുള്ള പദ്ധതിയിലാണ് ജോയ് താക്കോല്‍ക്കാരന്‍.

കണ്ടവരുടെ കണ്ണില്‍ നോക്കി കൊറോണ കണ്ടുപിടിക്കുന്ന ജോണ്‍ ഡോണ്‍ബോസ്‌കോ കൊറോണ പിടിച്ച് ക്വാറന്റെയ്‌നിലാണ്.

SHARE