ദിലീപ് വിവാദം:ജയസൂര്യയുടെ പ്രതികരണം

കോഴിക്കോട്: വി.പി സത്യന്‍ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ജയസൂര്യ എത്തിയിരുന്നു. സത്യന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ സത്യനായി അഭിനയിക്കുന്നത് ജയസൂര്യയാണ്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ വിവാദങ്ങളെക്കുറിച്ച് ചോദിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ചോദ്യം കേട്ടയുടന്‍ ജയസൂര്യ മാധ്യമങ്ങള്‍ക്കുനേരെ കൈകൂപ്പി. പിന്നീട് ദയവായി തന്നെ ഒഴിവാക്കൂ എന്ന അഭ്യര്‍ത്ഥനയും എത്തി.

ദിലീപിന്റെ അറസ്റ്റിനു മുമ്പ് പ്രതികരിക്കാത്ത പലരും അറസ്റ്റിനുശേഷം രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയും അറസ്റ്റിനുശേഷമാണ് ദിലീപിനെ പുറത്താക്കിയത്. മമ്മുട്ടി, മോഹന്‍ലാല്‍, ഗണേഷ്, മുകേഷ്, ആസിഫ് അലി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദിലീപ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി വ്യക്തമാക്കിയിരുന്നെങ്കിലും നിലപാടില്‍ മാറ്റം വരുത്തി പിറ്റേന്നുതന്നെ താരം രംഗത്തെത്തി. കുറ്റക്കാരനായി കോടതിവിധിക്കുമ്പോള്‍ മാത്രമേ ദിലീപ് കുറ്റക്കാരനാകൂവെന്നായിരുന്നു ആസിഫ്അലിയുടെ പ്രതികരണം. ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച്ച പരിഗണിക്കും.