നാലു കിലോ സ്വര്‍ണം, 600 കിലോ വെള്ളി, 8300 പുസ്തകങ്ങള്‍- ജയലളിതയുടെ സൂക്ഷിപ്പുസ്വത്തിനെ കുറിച്ചുള്ള വിവങ്ങള്‍ പുറത്ത്

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ജംഗമസ്വത്തുക്കളുടെ വിവരം പുറത്ത്. തമിഴ്‌നാട് സര്‍ക്കാര്‍ ഗസറ്റിലാണ് ഇവ പ്രസിദ്ധീകരിച്ചത്.

സ്വര്‍ണവും വെള്ളിയും സൂക്ഷിച്ച പോലെ ജയലളിത പുസ്തകങ്ങളും സൂക്ഷിച്ചിരുന്നു എന്ന് ഗസറ്റ് പറയുന്നു. നാലു കിലോ ഗ്രാം സ്വര്‍ണവും 601 കിലോഗ്രാം വെള്ളിയുമാണ് വീട്ടിലുണ്ടായിരുന്നത്. സ്വര്‍ണത്തിന്റെ 14 ആഭരണങ്ങളാണ് ഉള്ളത്. വെള്ളിയുടെ 867 ആഭരണങ്ങളുണ്ട്. ഇവയ്‌ക്കൊപ്പം 8376 പുസ്തകങ്ങളും ജയയുടേതായി ഉണ്ട്.

11 ടി.വി, പത്ത് റഫ്രിജറേറ്റര്‍, 38 എയര്‍ കണ്ടിഷന്‍, 556 ഫര്‍ണിച്ചറുകള്‍, 6514 പാത്രങ്ങള്‍, 15 പൂജാസാധനങ്ങള്‍, 10438 വസ്‌ത്രോല്‍പ്പനങ്ങള്‍ (ടവ്വല്‍, കര്‍ട്ടണ്‍, ചെരുപ്പ്, ബെഡ്ഷീറ്റ് ഉള്‍പ്പെടെ), 29 ടെലിഫോണുകള്‍, 294 മൊമെന്റോകള്‍, 108 സൗന്ദര്യ വര്‍ദ്ധക ഉപകരണങ്ങള്‍ എന്നിവയും വീട്ടിലുണ്ട്. മൊത്തം 32721 വസ്തുക്കളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ജയയുടെ വീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുമെന്നാണ് ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. നേരത്തെ, വേദനിലയം എന്നറിയപ്പെടുന്ന വീട് സ്മാരകമാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

SHARE