ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികള്‍ ഇനി ഈ രണ്ടുപേര്‍

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. 

ജയ താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്നാട് സർക്കാരിനു കനത്ത തിരിച്ചടിയാണ് വിധി.

1972 മേയ് പതിനഞ്ചിനാണ് അമ്മയുടെപേരിൽ വാങ്ങിയ വേദനിലയത്തിലേക്ക് ജയലളിത താമസമാക്കിയത്.  നഗര മധ്യത്തിൽ മൈലാപൂരിൽ 22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പോയസ് ഗാർഡൻ ജയലളിത ജീവിച്ചിരുന്ന കാലത്ത് തമിഴ് രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ജയയുടെ മരണ ശേഷം തോഴി ശശികലയാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയിലിലായതോടെ പോയസ് ഗാർഡനിൽ താമസക്കാരില്ല. ഇതിനു ശേഷമാണു വേദനിലയം ജയ സ്മാരമാക്കാൻ സർക്കാർ തീരുമാനിച്ചത്.
സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്.

SHARE