ചിന്നമ്മക്ക് വോട്ടുചെയ്യില്ലെന്ന് ജയലളിതയുടെ മണ്ഡലത്തിലെ അനുഭാവികള്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ എഐഎഡിഎംകെ നേതാവ് ശശികല നടരാജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ മാറ്റി ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാറിനെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

deepa-jayakumar_pti_l

ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 77 ദിവസവും അവരെ കാണാന്‍ അനുവദിച്ചില്ലെന്നും ചിന്നമ്മക്ക് വോട്ടു ചെയ്യില്ലെന്നും പരസ്യമാക്കി ഒരു വിഭാഗം സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജയയുടെ യഥാര്‍ത്ഥ അനന്തരാവകാശി ദീപ ജയകുമാറാണെന്നും വാദമുയര്‍ന്നിട്ടുണ്ട്. പരസ്യമായി എതിര്‍പ്പുയര്‍ന്നതിനാല്‍ ആര്‍കെ നഗറില്‍ മത്സരിക്കുന്നതില്‍ നിന്നും ശശികലയെ മാറ്റിനിര്‍ത്താനാണ് ഉന്നതനേതാക്കള്‍ ആലോചിക്കുന്നത്. കൂടാതെ മധുരയില്‍ നിന്നും ശശികല മല്‍സരിക്കുന്നതിനാണ് സാധ്യതയേറെയും. എന്നാല്‍ മത്സരിക്കുന്നതിനെക്കുറിച്ച് ദീപ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി വൃത്തങ്ങള്‍ ദീപയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

നേരത്തെ ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് ദീപ രംഗത്തെത്തിയിരുന്നു. ശശികലക്കെതിരെ വളരെ ശക്തമായ ആരോപണങ്ങളാണ് ദീപ ഉന്നയിച്ചിരുന്നത്.

SHARE