ജയലളിതയുടെ മരണം: ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് ശശികല

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്‍ഷമായി ‘അമ്മ’ക്കൊപ്പമുണ്ടായിരുന്നു. അവരോടുള്ള തന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് അറിയണമെങ്കില്‍ പോയസ്ഗാര്‍ഡിനുള്ളവരോട് ആരായണം. ആസ്പത്രി കിടക്കയിലുണ്ടായിരുന്ന 75 ദിവസവും അമ്മക്കൊപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം അമ്മയോടുള്ള എന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന്. ലണ്ടനില്‍ നിന്നു ഉള്‍പ്പെടെ ഡോക്ടര്‍മാരെ വരുത്തിച്ച് വിദഗ്ധ ചികിത്സയാണ് അമ്മക്കു നല്‍കിയിരുന്നത്. ടി.വിയില്‍ ഹനുമാന്‍ സീരിയല്‍ കാണുന്ന പതിവ് അമ്മക്കുണ്ടായിരുന്നു. ആസ്പത്രിയിലായപ്പോള്‍ താനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കാന്‍ മറന്നിരുന്നില്ല. ഡി.എം.കെയുടെ വിമര്‍ശനങ്ങളെ താന്‍ ഭയക്കുന്നില്ല. എന്നാല്‍ എഐഎഡിഎംകെക്കൊപ്പമുണ്ടായിരുന്ന പനീര്‍ശെല്‍വം തന്റെ സ്വാര്‍ത്ഥതക്കു വേണ്ടി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ശശികല പറഞ്ഞു.