ഇന്ത്യ-ചൈന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി നെഹ്റുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ‘കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍പോലും ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചതു കൊണ്ടാണ് ചൈനയ്ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായതെന്നും ചൗഹാന്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ ഭോപ്പാലില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണെന്നും 1962-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തോടെ ചൈനയ്ക്ക് മനസ്സിലായിട്ടുണ്ടാവുമെന്നും ചൗഹാന്‍ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്, നാം ആരെയും പ്രകോപിപ്പിക്കില്ലാ എന്ന്. എന്നാല്‍ നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുകയാണെങ്കില്‍ വിട്ടുവീഴ്ച ചെയ്യില്ല. നമ്മുടെ സൈനികര്‍ ചൈനയെ പാഠം പഠിപ്പിച്ചു. ചൈനീസ് സൈനികര്‍ക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു.’ ചൗഹാന്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അദ്ദേഹം വിമര്‍ശിച്ച ചൗഹാന്‍, ഇന്ത്യ-ചൈന പ്രശ്നത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണെന്നും ഇതിന് നരേന്ദ്ര മോദി സ്ഥായിയായ പരിഹാരം കാണുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാന്‍ ആരോപിച്ചു.