മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല

ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്‍കാന്‍ ഇന്ത്യയിലെ നേതാക്കള്‍ വിസമ്മതിച്ചതാണ് രാഷ്ട്ര വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷേറേ കശ്മീര്‍ ഭവനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുഹമ്മദലി ജിന്ന വിഭജനത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മുസ്്‌ലിംകള്‍ക്കും സിഖുകാര്‍ക്കും പ്രത്യേക പദവി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അബ്ദുല്‍ കലാം ആസാദും ആ ആവശ്യം അംഗീകരിച്ചില്ല. പാകിസ്താനുവേണ്ടിയുള്ള ആവശ്യം ജിന്നയെക്കൊണ്ട് അവര്‍ ഉന്നയിപ്പിക്കുകയായിരുന്നു. മുസ്്‌ലിംകളെ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് നിലപാടാണ് വിഭജനത്തിലേക്ക് നയിച്ചത്. അന്ന് കോണ്‍ഗ്രസ് ആ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ പാകിസ്താന്‍ ഉണ്ടാകുമായിരുന്നില്ല. ബംഗ്ലാദേശും ഉണ്ടാകുമായിരുന്നില്ല. പകരം ഒരൊറ്റ ഇന്ത്യ മാത്രമേ ഉണ്ടാകുമായിരുന്നൂ- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ഉയര്‍ത്തിവിടുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും ഫാറൂഖ് അബ്ദുല്ല വിമര്‍ശിച്ചു. മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ കരുതിയിരിക്കണം. ഭിന്നിക്കപ്പെട്ട രാജ്യത്ത് വികസനം മുരടിപ്പിലായിരിക്കും. പുരോഗതിയോ ഐക്യമോ സമാധാനമോ സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.