പാക് ക്രിക്കറ്റിനെ നശിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആണെന്ന് ജാവേദ് മിയാന്‍ദാദ്


ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ത്തത് ഇമ്രാന്‍ ഖാനാണെന്ന് ജാവേദ് മിയാന്‍ദാദ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെതിരെയാണ് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ജാവേദ് മിയാന്‍ദാദ് ആക്ഷേപവുമായെത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നവരില്‍ ആര്‍ക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ലെന്നും മിയാന്‍ദാദ് ആരോപിച്ചു. ഇമ്രാന്‍ ഖാനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാക്കിയത് താനാണെന്ന് അവകാശപ്പെട്ട മിയാന്‍ദാദ്, പാക്കിസ്ഥാനിലെ സാധാരണക്കാര്‍ക്കായാണ് താന്‍ സംസാരിക്കുന്നതെന്നും വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ഇമ്രാന്‍ ഖാനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ മിയാന്‍ദാദ് വാളെടുത്തത്.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന ആര്‍ക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ല. പാക്കിസ്ഥാനിലെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് ഇമ്രാന്‍ ഖാനുമായി ഞാന്‍ വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കാത്ത ആരെയും ഞാന്‍ വെറുതേ വിടില്ല. പാക്ക് ബോര്‍ഡിന്റെ തലപ്പത്ത് നിങ്ങള്‍ വിദേശത്തുനിന്ന് ഒരാളെ (വസിം ഖാന്‍) കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ. അയാള്‍ നമുക്കുള്ളതും മോഷ്ടിച്ച് കടന്നുകളഞ്ഞാല്‍ എവിടെപ്പോയി പിടികൂടും? പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് തലപ്പത്ത് വയ്ക്കാന്‍ ഇവിടെയുള്ള എല്ലാവരും മരിച്ചുപോയോ?’ – മിയാന്‍ദാദ് ചോദിച്ചു.

‘പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇതിനെതിരെ ഒന്നടങ്കം രംഗത്തുവരണം. ക്രിക്കറ്റ് രംഗം ഭരിക്കാന്‍ നമ്മുടെ രാജ്യത്ത് നല്ലൊരാളെ കിട്ടാനില്ലെങ്കില്‍ തീര്‍ച്ചയായും പുറത്തുനിന്ന് കൊണ്ടുവരണം. പക്ഷേ, ഇപ്പോള്‍ ഇവിടെ അതല്ലല്ലോ സ്ഥിതി’ – മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദാക്കിയ തീരുമാനം രാജ്യത്തെ ഒട്ടേറെ യുവതാരങ്ങളെ തൊഴില്‍രഹിതരാക്കിയെന്നും മിയാന്‍ദാദ് ആരോപിച്ചു.

‘ഇപ്പോള്‍ പാക്കിസ്ഥാനില്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങള്‍ക്ക് നല്ലൊരു ഭാവിയുണ്ട്. മറ്റു തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവരായി അവരെ കാണാന്‍ എനിക്ക് താല്‍പര്യമില്ല. ഡിപ്പാര്‍ട്ട്‌മെന്റ് തല ക്രിക്കറ്റ് അടച്ചുപൂട്ടിയതിലൂടെ ഒട്ടേറെ താരങ്ങളാണ് തൊഴില്‍രഹിതരായത്. അവര്‍ക്ക് ഇന്നുവരെ പകരം തൊഴില്‍ നല്‍കാന്‍ നമുക്കു കഴിഞ്ഞിട്ടുമില്ല. മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല’ – മിയാന്‍ദാദ് പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവാദിത്തരഹിതമായി പ്രവര്‍ത്തിച്ച് രാജ്യത്തെ ക്രിക്കറ്റിനെ നശിപ്പിക്കുമ്പോഴും അതിലേക്ക് ശ്രദ്ധ കൊടുക്കാന്‍ ഇമ്രാന്‍ ഖാന്‍ തയാറാകണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളത്തില്‍ താന്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റനായിരുന്നുവെന്നും മിയാന്‍ദാദ് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.