‘എല്ലാം ചെയ്തത് ദിലീപാണെന്ന് പറയിപ്പിച്ചു’; ജനപ്രിയനായകനെതിരെ ആരോപണവുമായി ജാസിര്‍

ദുബൈ: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പ്രവാസി യുവാവിന്റെ ആരോപണം. ജനപ്രിയത വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് കോഴിക്കോട് വടകര സ്വദേശി ജാസിറാണ് രംഗത്തുവന്നത്. ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.

southlive%2f2017-08%2faee75a05-1eb1-4674-95ae-d88c50d0177c%2fjsir

ദുബൈയില്‍ വെച്ച് ജാസിറിന് പരിക്കേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ജാസിര്‍ പറയുന്നത് ഇങ്ങനെ:
‘ഡെലിവെറി ബോയ് ആയി ജോലി ചെയ്തിരുന്ന സമയത്താണ് എനിക്ക് വാഹനാപകടമുണ്ടാകുന്നത്. മറ്റൊരു വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു. റോഡില്‍ പരിക്കേറ്റ് കിടന്ന എന്നെ അതുവഴി വന്ന ദിലീപും സുഹൃത്തും കാറില്‍ കയറ്റി ഇരുത്തി. തുടര്‍ന്ന് പൊലീസെത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ദിലീപിന്റെ സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചതോടെ നടന്റെ സഹാനുഭൂതി ചര്‍ച്ചാവിഷയമായി. ദിലീപിനെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ വ്യാപകമായി. മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായങ്ങള്‍ ചെയ്തതെന്നും പറയാന്‍ നിര്‍ദേശിച്ചു. എന്റെ ഇഷ്ടനായകന്‍ ദിലീപാണെന്നും പറയിപ്പിച്ചു. ഇഷ്ടനായകന്‍ മമ്മൂട്ടി ആയിരുന്നിട്ടും അവര്‍ നിര്‍ബന്ധിച്ച് മാറ്റി. പിന്നീട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കാണാനെത്തി. കിങ് ലയര്‍ ഷൂട്ടിങിനിടെ നടന്ന പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ക്ഫ്റ്റീരിയയിലെ ജോലി ഉപേക്ഷിക്കാന്‍ ദിലീപ് നിര്‍ദേശിച്ചു. കൂടുതല്‍ ശമ്പളം ഉള്ള ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതു വിശ്വസിച്ച് ജോലി കളഞ്ഞ് വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. പല തവണ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ അജ്മാനില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. എന്നാല്‍ ഡെലിവറി ബോയി ആയിരുന്നപ്പോള്‍ ടിപ്പ് അടക്കം 4000 ദിര്‍ഹം ശമ്പളമായി ലഭിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച ജോലിയില്‍ വെറും 1000 ദിര്‍ഹമാണ് ലഭിക്കുന്നത്. പിതാവ് മരിച്ചതിനാല്‍ കുടുംബം നോക്കുന്നത് ഞാന്‍ ഒറ്റക്കാണ്. സ്വന്തം ഇമേജ് വളര്‍ത്തുന്നതിന് ദിലീപ് ബോധപൂര്‍വം എന്റെ നല്ല ജോലി ഒഴിവാക്കിപ്പിക്കുകയായിരുന്നു’-ജാസിര്‍ പറയുന്നു.

SHARE