ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് വിജയ പ്രതീക്ഷയില്‍ മുസ്‌ലിംലീഗ് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം നാളെ


റാഞ്ചി: ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ അരികുവത്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതു നാമ്പുകള്‍ തീര്‍ക്കുകയാണ് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ആവേശം പകരാന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പര്യടനം വെള്ളിയാഴ്ച നടക്കും. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ മുഫ്തി അസ്ഹര്‍ ഖാസിമി(ഹട്ടിയ), അഷ്‌റഫ് ഹുസൈന്‍(ഗുമിയ), അബ്ദുല്‍ ഖയും അന്‍സാരി(മാണ്ഡു), അസ്ഹര്‍ അഹ്മദ്(ജര്‍മുണ്ഡി) , മന്‍സര്‍ ഖാന്‍ (ജംഷഡ്പൂര്‍ വെസ്റ്റ് ) എന്നിവരുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ പി. കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് അഞ്ചു സീറ്റുകളിലാണ് മത്സരിക്കുന്നത്.അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും.
മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. പ്രചാരണയോഗങ്ങളില്‍ വന്‍ ജനമുന്നേറ്റമാണ്. മുസ്‌ലിംലീഗ് ഇവിടെ നടത്തികൊണ്ടിരിക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതായി തെളിയിക്കുന്നതാണ് പ്രചാരണമെന്ന് തെരഞ്ഞെടുപ്പു സമിതി ചെയര്‍മാന്‍ സി.പി ബാവഹാജി അറിയിച്ചു. മാണ്ഡു നിയമസഭാ മണ്ഡലം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഖയ്യും അന്‍സാരിയുടെ പ്രചാരണ യോഗങ്ങളില്‍ തടിച്ചു കൂടിയ ജനം ജാര്‍ഖണ്ഡിലെ മുസ്‌ലിം പിന്നോക്ക ദലിത് മുന്നേറ്റങ്ങളുടെ സൂചികയായി. മാണ്ഡു നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു സമിതി ചെയര്‍മാനും മുസ്‌ലിം ലീഗ് സംസഥാന വൈസ് പ്രസിഡന്റുമായ ഡോ. സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.