സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം; കെ.ടി ജലീലിനെതിരെ ഒളിയമ്പ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ജനയുഗം ലേഖനം വിമര്‍ശിച്ചു. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീലിലനെതിരേ പരോക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. സ്വര്‍ണക്കടത്ത് കേസിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാര്‍ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ രാജ്യദ്യോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ലെന്നും ലേഖത്തില്‍ വ്യക്തമാക്കുന്നു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ ഒരു ടെന്‍ഡറുമില്ലാതെ കോടികളുടെ സര്‍ക്കാര്‍ കരാര്‍ നേടുന്നു. വന്‍കിടചെറുകിടക്കാര്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവരും ഇതിലുണ്ട്. ഒഴിവാക്കാന്‍ കഴിയുന്ന ചൂഷണമാണ് ഇവര്‍ നടത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. മുന്നണിയുടെ പ്രകടന പത്രികയെ മറന്ന് ആതിരപ്പള്ളി പദ്ധതി പോലെ പരിസ്ഥിതി സംഹാര പദ്ധതികള്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കേണ്ടി വന്ന കാര്യവും ലേഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

SHARE