മംഗളുരു: കുറ്റവാളിയെ മനസ്സിലാക്കും മുന്‍പ് ഭീകരനായി ചിത്രീകരിച്ച സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിക്ക് ഒരു ദിവസം കൊണ്ട് മനം മറിച്ചില്‍. കുറ്റവാളി സ്വന്തം പാളയത്തില്‍ നിന്നുള്ള ആളാണെന്ന് മനസ്സിലായാതോടെയാണ് ഭീകരന് ഒറ്റയടിക്ക് പാവം യുവാവായി മാറിയത്. മംഗളുരു വിമാനത്താവളത്തില്‍ ബോംബ് സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ് വച്ച ആദിത്യറാവുവിനെ കുറിച്ച് ജന്മഭൂമി നല്കിയ വാര്‍ത്തകളാണ് വിവാദമായത്. വാര്‍ത്ത കേള്‍ക്കേണ്ട താമസം ഭീകരനെ കുറിച്ചുള്ള അപകടകരമായ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാനായിരുന്നു ജന്മഭൂമി ശ്രമിച്ചത്.
ഇയാളുടെ പശ്ചാത്തല വിവരങ്ങള്‍ പുറത്തുവരാത്ത ദിനങ്ങളില്‍ കൊടും ഭീകരനായി വന്‍ പ്രചരണമാണ് പത്രവും അതുവഴി സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിച്ചത്. ഇയാളുടെ അടുത്ത ലക്ഷ്യം ഒരു ക്ഷേത്രമാണെന്നും വാര്‍ത്ത നല്കി കലാമപ ശ്രമത്തിനും ഈ പത്രം മുതിര്‍ന്നു. എന്നാല്‍ ഇയാളുടെ അസ്തിത്വം വെളിപ്പെട്ടതോടെ പത്രം ‘ഭീകരമുദ്ര’ പിന്‍വലിച്ചു പാവമൊരു യുവാവാണെന്ന തരത്തിലേക്ക് വാര്‍ത്തയെ സംഘപരിവാര്‍ ഒതുക്കി. ഇന്നലെ ഇറങ്ങിയ പത്രത്തില്‍ ‘ഭീകരനെ’ ജന്മഭൂമി വിശേഷിപ്പിച്ച് യുവാവ് എന്നാണ്. കോഴിക്കോട് എഡിഷനില്‍ ഒന്നാം പേജില്‍ നല്കിയ വാര്‍ത്തയില്‍ പറയുന്നത് ‘മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബിന്റെ ഘടകങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് നിസ്സാരവത്കരിച്ചു. ഉഡുപ്പി മണിപ്പാല്‍ സ്വദേശി ആദിത്യ റായി (36) ആണ് ഇന്നലെ രാവിലെ ബംഗളൂരുവിലെ ഹലസുരുവില് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) നീലമണി രാജുവിന്റെ ഓഫീസില്‍ കീഴടങ്ങിയത്. എം.ബി.എ ബിരുദധാരിയായ ഇയാള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ബോംബു വച്ചതെന്നും ഓണ്‍ലൈനിലൂടെയാണ് ബോംബു നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ശേഖരിച്ചത് എന്നും പൊലീസില്‍ മൊഴി നല്‍കിയെന്നും ആ വാര്‍ത്തയില്‍ പറയുന്നു.
ചൊവ്വാഴ്ചയിലെ വാര്‍ത്തയില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്നലത്തെ റിപ്പോര്‍ട്ടില്‍ ബോംബിന്റെ ഘടകങ്ങള്‍ എന്നു മാത്രം. ചൊവ്വാഴ്ചയിലെ റിപ്പോര്‍ട്ടില്‍ ജന്മഭൂമി ലേഖകന്‍ പടച്ചു വിട്ട വാര്‍ത്തയില്‍ പറയുന്നത്, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ലാപ്ടോപ് ബാഗിനുള്ളില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി എന്നായിരുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ താഴ്ഭാഗത്ത് ആദ്യ ദിവസത്തേതില്‍ നിന്നും ഒന്നു കൂടി പൊടിപ്പ് കൂട്ടി ഭീകരന് എന്നാണ് ആദിത്യറാവുവിനെ വിശേഷിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലെ കാദ്രി ക്ഷേത്രമാണ് അയാളുടെ അടുത്ത ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭീകരന്റെ അടുത്ത ലക്ഷ്യം കാദ്രി ക്ഷേത്രം, സുരക്ഷ ശക്തമാക്കി എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്. ഭീകരന്റെ കൈയ്യില്‍ ഒരു ബാഗ് കൂടിയുണ്ടെന്നും മറ്റൊരു വാര്‍ത്തയും ലേഖകന്‍ അടിച്ചു വിട്ടു. യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത വിധത്തില്‍ വാര്‍ത്ത നല്കി നാട്ടില്‍ കലാപമുണ്ടാക്കുന്ന വിധത്തിലായിരുന്നു ആ റിപ്പോര്‍ട്ട്. ആരാധാനാലയം തകര്‍ക്കാന്‍ പദ്ധതിയിട്ടെന്ന ‘കണ്ടെത്തല്‍’ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്തായതോടെ ജന്മഭൂമിയും വെട്ടിലായി.
തിങ്കളാഴ്ചയാണ് മംഗളൂരു വിമാനത്താവളത്തിന്റെ കോംപൗണ്ടില്‍ സ്ഫോടവസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയില്‍ അലാം മുഴങ്ങിയപ്പോള്‍ സ്ഫോടക വസ്തു കണ്ടെത്തുകയായിരുന്നു. സംശയിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.