കൊറോണ കാലത്തും കുറവില്ല; ജനതാ കര്‍ഫ്യൂവിന് തലേന്നാള്‍ മാത്രം മലയാളി കുടിച്ചത് 76.6 കോടിയുടെ മദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനതാ കര്‍ഫ്യൂ’ ദിനത്തിന്റെ തലേ ദിവസം കേരളം കുടിച്ചുതീര്‍ത്തത് 76.6 കോടി രൂപയുടെ മദ്യം. ബിവറേജസ് കോര്‍പറേഷനിലെ കണക്ക് മാത്രമാണിത്. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള മദ്യ വില്‍പനശാലകളിലെ കണക്ക് പുറത്തുവന്നിട്ടില്ല. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ കര്‍ഫ്യൂ ആഹ്വാനം. മദ്യശാലകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ മാസം 22 നായിരുന്നു ജനതാ കര്‍ഫ്യൂ. 21-നാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പനയുണ്ടായത്. അന്ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 63.92 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. വെയര്‍ഹൗസുകളിലൂടെ 12.68 കോടിയുടെ മദ്യവും വിറ്റഴിച്ചു.

കഴിഞ്ഞവര്‍ഷം ഇതേദിവസത്തെ വില്‍പന 29.23 കോടി രൂപയായിരുന്നു. വില്‍പനയില്‍ 118.68% വര്‍ധനവാണുണ്ടായത്. ശരാശരി 26 കോടിയുടെ മദ്യവില്‍പനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. സംസ്ഥാനത്താകെ 265 മദ്യവില്‍പനശാലകളാണു ബവ്‌റിജസ് കോര്‍പറേഷനുള്ളത്.

SHARE