മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം; സഹപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി

തിരുവനന്തപുരം: മാംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു ജനം ടിവിയുടെ പരാമര്‍ശം. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ ഇതുവരെ വാര്‍ത്ത പിന്‍വലിക്കുകയോ ഖേദപ്രകടനമോ ജനം ടിവി നടത്തിയിട്ടില്ല.

ട്വന്റിഫോറിലെ ആനന്ദ് കൊട്ടില,രഞ്ജിത് മഞ്ഞപ്പാടി,ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ്, മീഡിയാവണ്ണിലെ ഷെബീര്‍, ന്യൂസ് 18ന്റെ സുമേഷ് തുടങ്ങി പത്തിലേറെ മലയാള മാധ്യമപ്രവര്‍ത്തകരെയാണ് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അവരൊക്കെ ഫേക് ജേര്‍ണലിസ്റ്റുകളാണെന്ന് കര്‍ണാടകത്തിലെ ന്യൂസ് ചാനലായ ന്യൂസ് നയന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ചതോടെ ചാനല്‍ വാര്‍ത്ത പിന്‍വലിച്ചുവെങ്കിലും ജനം ടിവി പ്രതികരിച്ചിട്ടില്ല.

അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം അപലപനീയമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഏകെ ആന്റണി പ്രതികരിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാവിലെ എട്ടരയോടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരെ ഇതുവരേയും പൊലീസ് പറഞ്ഞുവിട്ടിട്ടില്ല.

പൊലീസ് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ പുറത്തറിയുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമാവുമെന്ന ഭയമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

SHARE