മാന്‍ കി ബാതല്ല, ജന്‍ കി ബാതാണ് ഡല്‍ഹിയില്‍ ജയിച്ചത്; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മോശം പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയെ പരിഹസിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു എന്നും മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് വിജയിച്ചതെന്നുമാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

‘2020 ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ച ദല്‍ഹിയിലെ ജനങ്ങളെയും അരവിന്ദ് കെജ്‌രിവാളിനെയും ഞാന്‍ അഭിനന്ദിക്കുന്നു. മന്‍ കി ബാത്തല്ല, രാജ്യം മുന്നോട്ടു പോകുന്നതിന് ജന്‍ കി ബാത്താണ് എന്ന് ജനങ്ങള്‍ കാണിച്ചു തന്നു. കെജ്‌രിവാള്‍ ഒരു തീവ്രവാദിയാണെന്നാണ് ബിജെപി പറഞ്ഞത്. പക്ഷെ ബി.ജെ.പിക്ക് അവരെ തോല്‍പ്പിക്കാനായില്ല,’ ഉദ്ധവ് താക്കറെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.