ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ നീളുന്നത് കൂടുതല്‍ നിഗൂഡതകളിലേക്ക്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട അഫ്സല് ഗുരവിന്റെ ആരോപണം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായി ദേവീന്ദര്‍ സിങിനെ ചര്‍ച്ച നടത്തിയോ എന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പരിശോധിച്ചേക്കും. കഴിഞ്ഞ വര്‍ഷം മൂന്ന് പ്രാവശ്യം ദേവീന്ദര്‍ ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയിരുന്നു. ഇതാണ് അന്വേഷണ ഏജന്‍സികളെ സംശയിപ്പിക്കുന്നത്.
പിടികൂടുംമുന്നേ ഏതാനും ദിവസങ്ങളായി ഡി.എസ്പി ദേവീന്ദര്‍ സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ്. ദേവീന്ദര്‍ സിങ്ങിന്റെ മൊബൈലും പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആഴ്ചകളോളം അദ്ദേഹം ഈ തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കശ്മീര്‍ പൊലീസ് അവകാശപ്പെടുന്നുണ്ട്. ദേവിന്ദര്‍ അന്യായമായ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ സംശയിച്ചതായി കശ്മീര്‍ പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സംശയം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളിലാണ് ദേവീന്ദര്‍ ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയത്. ഈ യാത്രയില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ദേവീന്ദര്‍ ചര്‍ച്ച നടത്തിയിരുന്നോ എന്നാണ് സംശയം ശക്തമാകുന്നത്. ഡിഎസ്പിയുടെ പണമിടപാടുകളും ഉന്നത ബന്ധങ്ങളും അന്വേഷിക്കും. ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ദേവീന്ദര്‍ വിമാനത്താവളം വഴി ഭീകരരെ കടത്തിവിടാന്‍ ശ്രമിച്ചിരുന്നോ എന്നും അന്വേഷണം ഉണ്ടാകും.
ഭീകരരെ സഹായിക്കാന്‍ ഡിഎസ്പി കീഴുദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ലെറ്റര്‍പാഡില്‍ ദേവീന്ദര്‍ എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കണ്ടെത്തിയിരുന്നു. ദേവീന്ദര്‍ സിങ് 2005 ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്താണ് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയത്. കശ്മീരില്‍നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ.എ) അന്വേഷണം നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ദേവീന്ദര്‍ സിങ് മറ്റു ഭീകരര്‍ക്കും സഹായം നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് സുപ്രധാന കത്തിന്റെ വിവരം പുറത്തുവന്നിട്ടുള്ളത്. പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 2005 ജൂലായ് ഒന്നിന് ഗുരുഗ്രാം – ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത നാല് ഭീകരര്‍ക്കുവേണ്ടി ദേവീന്ദര്‍ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്.
മിലിട്ടറി ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരര്‍ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. സാക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്നുദീന് ദര് എന്നീ രണ്ടുപേര്‍ അടക്കമുള്ളവരാണ് അന്ന് പിടിയിലായതെന്ന് ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ പറയുന്നു.
പുല്‍വാമ സ്വദേശിയായ ദറിന് പിസ്റ്റളും വയര്‍ലെസ് സെറ്റും കൈവശംവെക്കാന്‍ അനുമതി നല്കുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്.പി ആയിരുന്ന ദേവീന്ദര്‍ സിങ് നല്‍കിയത്. പരിശോധനകളൊന്നും നടത്താതെ ഇയാള്‍ക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭീകരരുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയര്‍ലെസ് സെറ്റും എ.കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു.
ഭീകരര്‍ക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് താന്‍ നല്‍കിയിട്ടുണ്ടെന്ന് ദേവീന്ദര്‍ സിങ് ഡല്‍ഹി പോലീസിനെയും അറിയിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഭീകരര്‍ക്ക് വയര്‍ലെസ് സെറ്റ് അടക്കമുള്ളവ കൈവശം വെക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കത്തെഴുതിയ ദേവീന്ദര്‍ സിങ്ങിന്റെ നടപടിയെ അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്.