ഏഴ് മാസത്തെ തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിതനാക്കുന്നത്.

ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ ഒരു ന്യായീകരണ രേഖകളുമില്ലാതെ തടങ്കലില്‍ വയ്ക്കുന്നത് പൗരസ്വാതന്ത്ര്യത്തിനും നിയമത്തിനും എതിരായ ആക്രമണമാണെന്നും പ്രതിപക്ഷം സംയുക്ത പ്രസ്താവനയും നടത്തിയിരുന്നു. ഫാറൂഖ് അബ്ദുല്ലയുടെ മോചനത്തിനായി എംഡിഎംകെ നേതാവ് വൈക്കോ ഹേബിയസ് കോര്‍പ്പസ് നല്‍കുകയും ഇതില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി മറുപടിയും തേടിയിരുന്നു.

2019 ഓഗസ്റ്റ് 5 ലെ നടപടിക്ക് പിന്നാലെ ഫാറൂഖ് അബ്ദുല്ലയെയാണ് ആദ്യമായി തടങ്കലിലാക്കിയത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമപ്രകാരമായിരുന്നു 83കാരനായ മുന്‍ മുഖ്യമന്ത്രിയുടെ അറസ്റ്റ്. അതേ സമയം അതേസമയം, അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയും പിഡിപി മേധാവി മെഹബൂബ മുഫ്തിയും അടക്കം നിരവധി നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്.

തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല ലോക്‌സഭയുമായുള്ള ബന്ധം പുലര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. തടങ്കലിലായിരിക്കവെ മൂന്ന് തവണ സഭയില്‍ നിന്നും അവധിക്ക് അപേക്ഷിച്ചിരുന്നു. 2017 ല്‍ ശ്രീനഗര്‍ പാര്‍ലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ത്ഥി നസീര്‍ അഹമ്മദ് ഖാനെ പരാജയപ്പെടുത്തി എത്തിയാണ് ഫാറൂഖ് അബ്ദുല്ല ലോകസഭയെ പ്രതിനിധീകരിക്കുന്നത്

തടങ്കലില്‍ നിന്നും മോചിതനാകുന്നതോടെ ലോക്‌സഭയുടെ മുന്‍ ബെഞ്ചിലേക്ക് കശ്മീര്‍ നേതാവ് ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി ഭരണത്തില്‍ രാജ്യം അനുഭവിച്ച അവസ്ഥയെ അഭിമുഖീകരിച്ച അദ്ദേഹം സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സഭയില്‍ ഊര്‍ജ്ജസ്വലതയോടെ അഭിസംബോധന ചെയ്യാനും സാധ്യതയുണ്ട്.