ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍; കുടുംബത്തെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്ത ഗോപാല്‍ ബജ്‌റംഗദഌന്റെ സജീവ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേയ്ക്ക് പോയതെന്നാണ് ഇയാള്‍ പറയുന്നത്. കൂടാതെ തനിക്ക് തോക്ക് സംഘടിപ്പിച്ച് തന്നത് ഒരു സുഹൃത്താണെന്നും ഗോപാല്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ഗോപാലിന്റെ കുടുംബത്തെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെയ്പ്പ് നടന്നത്. പോലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

SHARE