ജാമിഅ മില്ലിയ സംഘര്‍ഷം: പത്ത് പേര്‍ അറസ്റ്റില്‍, വിദ്യാര്‍ഥികളില്ലെന്ന് പോലീസ്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. ജാമിയ സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള പത്ത് പേരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതില്‍ വിദ്യാര്‍ഥികളില്ലന്നാണ് റിപ്പോര്‍ട്ട്.

ജാമിയ മിലിയ സംഘര്‍ഷത്തിന് പിന്നില്‍ തദ്ദേശീയരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല വിസിയും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലീസ് നീങ്ങുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിന് പിന്നാലെ പോലീസ് ലാത്തിവീശി. നാല് ബസുകളും സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. സംഭവത്തില്‍ 100 ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയിച്ചിരുന്നു.

അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂഡിഷ്യല്‍ അന്വേഷണം അടക്കമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

SHARE