‘മുസ്‌ലിം പള്ളിയില്‍ പൊലീസ് നടത്തിയ നരനായാട്ട്’ ക്രൂരതയക്ക് ഇരയായ ജാമിഅ വിദ്യാര്‍ത്ഥി അനുഭവം വിവരിക്കുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ നടന്ന സംഘര്‍ഷത്തിന്റെ ഇനിയും കാണാതെ പോയ ക്രൂരത തുറന്നു കാട്ടി ഇരയായ വിദ്യാര്‍ഥി. ജാമിഅ മില്ലിയയിലെ നൗഷാദ് വിളയിലാണ് സി.സി.ടി.വി ഇല്ലാത്ത ഇടങ്ങളില്‍ അരങ്ങേറിയ ക്രൂരതയെ കുറിച്ചു വിവരിക്കുന്നത്. മുസ്ലിം പള്ളിയില്‍ കയറി പൊലീസ് നടത്തിയ നരനായാട്ടും അതേത്തുടര്‍ന്നുണ്ടായ നിഷ്ഠൂരതയെയും വിവരിക്കുകയാണ് നൗഷാദ്.

നൗഷാദ് അനുഭവിച്ച ക്രൂരതയെ വിവരിക്കുന്ന ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

ആത്മ സുഹൃത്ത് നൗഷാദാണ്. കളിചിരി തമാശകളോടെ കുഞ്ഞിലേ തൊട്ട് ഒപ്പമുള്ള കൂട്ട്. കത്തിച്ചീറി പ്രസംഗിക്കും ചെങ്ങായി.ഞങ്ങളെ കൂട്ടത്തിലെ ഒടുക്കത്തെ പഠിപ്പിയാണ്. അറ്റ് സെയിം ടൈം, പാതാളത്തോളം താഴ്ന്ന വിനയമുള്ള പച്ചസാധുവും.

ഇന്നു രാവിലെ വിളിച്ചപ്പോഴാണ് അറിയുന്നത്, ജാമിഅയിലെ സംഘര്‍ഷത്തില്‍ അടി കിട്ടിയ കൂട്ടത്തില്‍ നൗഷാദും പെട്ടിട്ടുണ്ടെന്ന്. കേട്ട ഞാന്‍ അക്ഷരാര്‍ഥത്തില്‍ കോരിത്തരിച്ചു നിന്നു. നല്ല തന്മയത്വത്തോടെ ചിരിക്കുന്ന, സ്‌നേഹമസൃണമായി ആരാലും കൂട്ടുകൂടുന്ന പ്രകൃതമുള്ള നൗഷാദ്. അവനെങ്ങനെ ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടെന്ന് നിശ്ചയമായും ഞാന്‍ അത്ഭുതപ്പെട്ടു. ജാമിഅയിലെ അവകാശപ്പോരാട്ടത്തില്‍ നൗഷാദുമുണ്ടായിരുന്നെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്.

പള്ളിക്കകത്തുവെച്ച് പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് പൊലീസ്, സി.ആര്‍.പി.എഫ് കാപാലികക്കൂട്ടം വന്നു നരനായാട്ട് നടത്തിയത്. നൗഷാദ് പറയുകയാണ്, ഞാന്‍ മഗ്രിബ് നമസ്‌കരിച്ച് പള്ളിക്കു പുറത്തിറങ്ങാനുള്ള പുറപ്പാടിലായിരുന്നു. പൊടുന്നനെയാണ് ഇരമ്പിയാര്‍ത്ത് ഒരു കൂട്ടം പള്ളി ലക്ഷ്യമാക്കി വന്നത്. പടച്ചവന്റെ ഭവനം അലമ്പാവരുതല്ലോ എന്നു കരുതി കണ്ടപാടെ കുട്ടികള്‍ ചേര്‍ന്ന് പള്ളിയുടെ ഡോര്‍ പൂട്ടി. പക്ഷേ, ചവിട്ടിപ്പൊളിച്ച് അകത്തു കേറി ഉടച്ചുവാര്‍ത്തു ആ നരഭോജികള്‍.

നൗഷാദ് തുടര്‍ന്നു: അവരുടെ ആയുധങ്ങള്‍ പേറിയുള്ള വരവു കണ്ട് ഭയന്ന് മിമ്പറിന്റെ പിന്നില്‍ പോയി ഒളിച്ചു. എന്റെ കൂടെ രണ്ടു മൂന്ന് മലയാളികള്‍ വേറെയും ഉണ്ടായിരുന്നു. ഞങ്ങളെ അവിടെയിട്ട് നെരത്തി തല്ലി. എന്റെ തലക്ക്, കൈക്ക്, വാരിയെല്ലിന് ഒക്കെക്കിട്ടി പൊതിരെ തല്ല്. നിന്നു കൊള്ളുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. ഓടി കയിച്ചിലാവാന്‍ നോക്കിയപ്പോള്‍ വാതില്‍ക്കലും വരാന്തയിലും പള്ളിയുടെ പുറത്തുമെല്ലാം ഇവരുടെ കൂട്ടം സായുധരായി നിരന്നു നില്‍ക്കുന്നു. നിസ്‌കരിക്കുന്നവരെ അടിച്ചോടിച്ചു. റബ്ബിനു മുന്നില്‍ സുജൂദ് ചെയ്യുകയായിരുന്നവരെപ്പോലും പിന്നില്‍ നിന്നു വന്നു തല്ലിച്ചതച്ചു. അങ്ങേയറ്റം നിസ്സഹായരായിരുന്നു ഞങ്ങള്‍.

കാമ്പസിനകത്തു വന്ന്, എന്നു മാത്രമല്ല കാമ്പസിനകത്തെ പ്രാര്‍ഥനാമുറിയില്‍ വന്നാണ് പൊലീസ് ഈ വിധം നരനായാട്ട് നടത്തിയത്. സംഭ്രമമായ അവസ്ഥയായിരുന്നു അന്നേരം അവിടെ. ഈ പൊലീസ് കാടത്തത്തിന്റെ ഭീകരത പുറത്തറിയിക്കാന്‍ ഒരു സി.സി.ടി.വി പോലും അവിടെയില്ലായിരുന്നു. അതു കൊണ്ടു തന്നെ പള്ളി മിഹ്‌റാബിലെ ഈ നരനായാട്ട് വേണ്ട വിധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് അവന്‍ സങ്കടം പറഞ്ഞു. തല്ലു കിട്ടി ചോരയൊലിച്ച നിലയില്‍ കൊണ്ടുപോയ ഒരു ചെങ്ങായിയെപ്പറ്റിയുള്ള വിവരങ്ങള്‍ പിന്നീടൊന്നും അറിഞ്ഞിട്ടില്ലെന്നും അവന്‍ പറഞ്ഞു.

കത്വയിലെ ആസിഫ മോളുടെ വാപ്പച്ചി പറഞ്ഞതാണ് അന്നേരം ഓര്‍മയില്‍ തെളിഞ്ഞത്. ‘മോളെ ഞങ്ങള്‍ എല്ലായിടത്തും തെരഞ്ഞു, ആ അമ്പലത്തിലൊഴികെ. കാരണം ഞങ്ങള്‍ക്കറിയുന്നത് അതൊരു പവിത്രമായ സ്ഥലമാണെന്നാണ്’…

പാവപ്പെട്ട ആസിഫയുടെ വാപ്പയുടെ അത്ര പോലും വിവരം ഈ പൊലീസ്, സി.ആര്‍.പി.എഫിനുണ്ടായില്ലല്ലോ. ഡല്‍ഹിയുടെ ക്രമസമാധാന ചുമതല കേന്ദ്രത്തിനാണ്. ആ നിലക്ക് ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ പൊലീസാണ് മസ്ജിദില്‍ കേറി ഈ കാടത്തം കാണിച്ചത്. എന്തിനു വേണ്ടി? അമ്പലം ഒരു പവിത്രമായ സ്ഥലമാണെന്നു വിശ്വസിക്കുന്ന ശരാശരി ആസിഫയുടെ വാപ്പയുടെ നിലവാരമുള്ള മുസ്ലിംകളെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതിന്റെ ഭാഗമായി..

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് വിദ്യാര്‍ഥിയാണ് നൗഷാദ്. ഈ വര്‍ഷത്തെ പ്രിലിമിനറി നേടി മെയിന്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. കൈക്ക് പ്ലാസ്റ്ററിട്ടതടക്കമുള്ള പരിക്കുകള്‍ ഉണ്ട് നൗഷാദിന്. ഡല്‍ഹിയിലെ മൗലാനാ മെഡിക്കല്‍ കോളജില്‍ ആണു ചികിത്സിച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലെ എം.പിയുടെ കേരളാ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തില്‍..

ഞങ്ങളെ നാടു കണ്ട ഏറ്റവും മിടുക്കന്മാരിലൊരുവന്‍. വാപ്പ അസുഖബാധിതനാണ്. രണ്ട് ഏട്ടന്മാര്‍ വിയര്‍പ്പു ചിന്തി നേടുന്ന സമ്പാദ്യം കൊണ്ടാണ് അവന്റെ പഠിപ്പ്. ആ ബോധവും ബോധ്യവും വേണ്ടുവോളം മനസില്‍ സൂക്ഷിക്കുന്ന മിടുക്കന്‍. ഡല്‍ഹിയില്‍ മൂന്നാലു കൊല്ലം പഠിച്ചിട്ടും, അതിന്റെയൊന്നും ഗര്‍വില്ലാതെ, തനി നാടനായി നടക്കുന്ന സാധു. ‘നീ ഐ.എ.എസ്സായിട്ടു വേണം നിന്റെ െ്രെഡവറായി എനിക്കു രക്ഷപ്പെടാന്‍’ എന്നവനോട് എപ്പോഴും പറയുന്ന ഈ ഞാന്‍ തന്നെ നിലവിലെ സ്റ്റാറ്റസുവെച്ച് അവനേക്കാള്‍ പത്തിരട്ടി അഹങ്കാരം വച്ചാണ് നടക്കാറ്.

അങ്ങേയറ്റത്തെ ബുദ്ധിമുട്ട് സഹിച്ച് ഒരു വലിയ ലക്ഷ്യത്തിലേക്ക് തന്റേടത്തോടെ നടന്നടുക്കുന്ന നൗഷാദൊന്നും ഒരു തരത്തിലും കുറ്റിയറ്റു പോയിക്കൂടാ.. ഒരു ഭരണകൂട ഭീകരതക്കും ഇരയായിക്കൂടാ..

ഞങ്ങള്‍ നാടും നാട്ടുകാരും ഉണ്ടെടാ നിന്റെ കൂടെ..

SHARE