ജാമിഅയില്‍ പ്രക്ഷോഭത്തിനിടെ നേരിടേണ്ടി വന്ന കൊടുംക്രൂരത വിവരിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നരനായാട്ട്. ലൈബ്രറിയിലേക്ക് ടിയര്‍ഗ്യാസ് എറിഞ്ഞ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് അതിക്രമം തുടര്‍ന്നു. ബി.ബി.സിയുടെ വനിതാ റിപ്പോര്‍ട്ടറെ പൊലീസ് മര്‍ദ്ദിച്ചു.

തന്റെ ഫോണ്‍ പൊലീസുകാര്‍ പിടിച്ചുവാങ്ങി തകര്‍ത്തെന്ന് ബിബിസി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ശൈഖ് പറയുന്നു. പുരുഷ പൊലീസുകാരന്‍ തന്റെ തലമുടിപിടിച്ച് വലിച്ചു, ലാത്തികൊണ്ട് അടിച്ചു, ഫോണ്‍ ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു, തമാശക്ക് വേണ്ടിയല്ല ഇങ്ങോട്ട് വന്നത്, സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ്, ബുഷ്‌റ ശൈഖ് പറയുന്നു.

ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന് പരിക്കേറ്റിരുന്നു. ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയായിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങളില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

SHARE