ന്യൂഡല്‍ഹി: ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വെച്ച് പൊലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും നഗ്നരാക്കി മര്‍ദ്ദിച്ചതായും വിദ്യാര്‍ഥികള്‍. കാമ്പസില്‍ നരനായാട്ടിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്റ്റേഷനിലും ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വെളിപെടുത്തല്‍.
സ്റ്റേഷനിനുള്ളില്‍ നഗ്നരാക്കിയശേഷം ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പിന്നീട് പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തില്‍ പത്ത് പേര് അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. ജാമിയ സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള പത്ത് പേരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതില്‍ വിദ്യാര്ഥികളില്ലന്നാണ് റിപ്പോര്‍ട്ട്.
ജാമിയ മിലിയ സംഘര്‍ഷത്തിന് പിന്നില്‍ തദ്ദേശീയരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല വിസിയും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലീസ് നീങ്ങുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിന് പിന്നാലെ പോലീസ് ലാത്തിവീശി. നാല് ബസുകളും സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ 100 ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയിച്ചിരുന്നു.
അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മന് റൈറ്സ് ലോ നെറ്റ്വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂഡിഷ്യല്‍ അന്വേഷണം അടക്കമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.