ജാമിഅ മില്ലിയ; വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെപ്പുണ്ടായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിനിടെ വെടിവെയ്പ് ഉണ്ടായെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഹമ്മദ് തമീം എന്ന വിദ്യാര്‍ത്ഥിക്ക് കാലില്‍ വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥിയുടെ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടിലാണ് ഉള്ളത്. കാലില്‍നിന്ന് ഒരു ‘അന്യവസ്തു’ നീക്കംചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചതായി ഡല്‍ഹി പോലീസ് ഇതിനിടയ്ക്ക് തുറന്നുസമ്മതിച്ചിരുന്നു. നേരത്തെ ജാമിയയിലെ സംഘര്‍ഷത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിയേറ്റാണ് പരിക്കേറ്റതെന്ന് ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, ജാമിയ പ്രക്ഷോഭത്തില്‍ ഇതുവരെ പത്ത് പേര്‍ അറസ്റ്റിലായി. ക്രിമിനല്‍ പശ്ചാത്തലമുള്ള പത്തു പേരെ ജാമിയ, ഒഖ്‌ല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്തവര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്നും ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വന്‍ സംഘര്‍ഷമായി മാറിയത്. പ്രക്ഷോഭത്തിനിടെ നാലു ബസുകളും രണ്ടു പോലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. ഇത് പോലീസ് തന്നെ കത്തിച്ചതെന്ന് പിന്നീട് തെളിയുകയും ചെയ്തു.

SHARE