ജാമിഅ വെടിവെപ്പ് പ്രതി നേരത്തെ പദ്ധതിയിട്ടതനുസരിച്ച്; തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതം. വെടിവെപ്പിനു തൊട്ടു മുമ്പ് അക്രമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന് തെളിവാണ്. അക്രമത്തിന് മണിക്കൂറുകള്‍ മുമ്പ് ഒന്നിലധികം പോസ്റ്റുകളാണ് ഇയാള്‍ ഇട്ടത്. താനാണ് ഒറിജിനല്‍ ഹിന്ദുവെന്നും മറ്റുള്ളവര്‍ക്ക് തന്റെ പാത പിന്തുടരാമെന്നുമാണ് ഒരു പോസ്റ്റില്‍ പറയുന്നത്. കാവി വസ്ത്രം ധരിച്ചെത്തി തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത് ജയ് ശ്രീറാം വിളിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
യു.പിയിലെ കിഷന്‍ഗഞ്ചില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്. സമാധാനപരമായി നീങ്ങുന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനു സമീപത്തേക്ക് താന്‍ നടന്നടുക്കുന്നതിന്റെ മൂന്ന് ലൈവുകളും ഫേസ്ബുക്കിലിട്ടിരുന്നു. ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാളുടെ മറ്റൊരു ആവശ്യം.
അതേസമയം അക്രമിയെ വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കര്‍ശന നടപടിക്ക് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയതായും അമിത് ഷാ ട്വീറ്റ് ചെയ്തു.

SHARE