ജാമിഅ വെടിവെപ്പില്‍ പുതിയ വഴിത്തിരിവ്; തോക്ക് നല്‍കിയ ബി.എഡ് വിദ്യാര്‍ഥി പിടിയില്‍

ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ കഴിഞ്ഞ ദിവസം കൗമാരക്കാരന്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

ഇയാള്‍ക്ക് തോക്ക് നല്‍കിയ ആളെ അന്വോഷണങ്ങള്‍ക്കൊടുവില്‍ പോലീസ് കണ്ടെത്തി. വെടിവപ്പില്‍ ഒരു പിജി വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.

അജീത് എന്നയാളാണ് കൗമാരക്കാരന് തോക്ക് വിറ്റത്. 25 കാരനായ അജീത് ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാകാന്‍ ഉള്ള പരിശീലനം നടത്തികൊണ്ടിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഷാജ്പുര്‍ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

കൗമാരക്കാരന്‍ ബന്ധുവിന്റെ സഹായത്തോടെയാണ് അജീതിന്റെ കയ്യില്‍ നിന്ന് പിസ്റ്റള്‍ വാങ്ങിയത്. വെടിവക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബന്ധു വ്യക്തമാക്കി. അതിനാല്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തില്ല.

10000 രൂപ നല്‍കിയാണ് കൗമാരക്കാരന്‍ ബന്ധുവിന്റെ സഹായത്തോടെ പിസ്റ്റള്‍ സ്വന്തമാക്കിയത്. ബന്ധുവിന്റെ വിവാഹത്തിന് ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ക്കാന്‍ പിസ്റ്റള്‍ വേണമെന്നാണ് കൗമാരക്കാരന്‍ അവശ്യപ്പെട്ടതെന്ന് ബന്ധു പോലീസിന് മൊഴിനല്‍കി.

അജീതിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.