പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടിക്കിടെ പൊലീസ് പള്ളിയില്‍ അതിക്രമിച്ച് കയറിയതായും പള്ളി ഇമാമിനെ മര്‍ദിച്ചതായും മുന്‍ സൈനികന്‍ കൂടിയായ സുരക്ഷ ഉദ്യോഗസ്ഥന്‍. ഇന്ത്യാ ടുഡേയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ജാമിഅ കാമ്പസിനകത്തും പരിസര പ്രദേശങ്ങളിലുമായി ദൃക്‌സാക്ഷികളില്‍നിന്ന് വിവരം ശേഖരിച്ചപ്പോഴാണ് പൊലീസ് ക്രൂരതയെക്കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പുറത്തായത്.
ജാമിഅ കാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥനും മുന്‍ സൈനികനുമായ മുഹമ്മദ് ഇര്‍ഷാദ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസ് പ്രദേശത്തെ പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ജാമിയ കാമ്പസിന്റെ ഗേറ്റിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഇമാം പള്ളിയിലുണ്ടായിരുന്നു. പള്ളിയില്‍ പ്രവേശിക്കരുതെന്ന് ഞാന്‍ പറഞ്ഞു. പൊലീസ് ഇമാമിനെ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച എന്നെയും അവര്‍ മര്‍ദിച്ച് വലിച്ചിഴച്ചു ഇര്‍ഷാദ് ഖാന്‍ വിശദീകരിക്കുന്നു.
കാമ്പസിനകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചതായി റിപ്പോർട്ട് പുറത്തുവന്നു. സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാള്‍, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ഉണ്ടായ പോലീസ് അതിക്രമം സംബന്ധിച്ചുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. വെടിവെപ്പുണ്ടായി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിദ്യാര്‍ഥികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിക്കുമുന്നില്‍ എത്തിയേക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
അതേസമയം പൊലീസ് പള്ളിയിലും റീഡിങ് റൂമിലും കയറി അക്രമം നടത്തിയതായും വെടിവെപ്പ് നടത്തിയതായും വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
അനുവാദമില്ലാതെ കാമ്പസില്‍ കയറി അതിക്രമം കാട്ടിയതിന് ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍ ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ രണ്ട് ജാമിഅ വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിലധികവും വിദ്യാര്‍ത്ഥിനികളാണ്. പൊലീസ് തകര്‍ത്ത വസ്തുവകകള്‍ വീണ്ടും സൃഷ്ടിക്കാനാകും. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പഴയ മാനസികാവസ്ഥ വീണ്ടെടുക്കാന്‍ കഴിയില്ല- അവര്‍ ചൂണ്ടിക്കാട്ടി.