ഡല്‍ഹി മുസ്ലിം വംശഹത്യ; കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്ത്. സമാധാനപരമായ സമരങ്ങള്‍ക്ക് നേരെ കപില്‍മിശ്ര നടത്തിയ പരാമര്‍ശങ്ങളുടെ അനന്തരഫലമായിരുന്നു ഡല്‍ഹിയിലെ ആക്രമണം.

കപില്‍മിശ്രക്കെതിരെ എത്രയും പെട്ടെന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷഹീന്‍ബാഗ് ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ പൗരത്വനിയമനത്തിനെതിരെ നടത്തി വരുന്ന സമരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീറും പറഞ്ഞു. കപില്‍ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. കപില്‍ മിശ്രക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് കപില്‍ മിശ്ര ആയാലും മറ്റാരായാലും ഏതു പാര്‍ട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ തെരുവിലിറങ്ങി കലാപം നടത്തിയത്. വളരെ ആസൂത്രിതമായി മുസ് ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഒരു പൊലീസുകാരനടക്കം ഏഴുപേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.