സംഘ്പരിവാര്‍ വിദ്വേഷം വിലപ്പോയില്ല; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സംഘ്പരിവാറും ഡല്‍ഹി പൊലീസും അഴിഞ്ഞാടിയ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് ജാമിഅ ജെ.എന്‍.യു, അലിഗര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവയെ എല്ലാം പിന്തള്ളി ഒന്നാമതെത്തിയത്. ഇന്ത്യയില്‍ മൊത്തം 40 കേന്ദ്രസര്‍വകലാശാലകള്‍ ആണുള്ളത്.

ജാമിഅയ്ക്ക് മൂല്യനിര്‍ണയത്തില്‍ 90 ശതമാനം സ്‌കോര്‍ ആണ് ലഭിച്ചത്. അരുണാചല്‍ പ്രദേശ് രാജീവ് ഗാന്ധി സര്‍വകലാശാലയാണ് രണ്ടാമത്തേത്. 83 ആണ് സ്‌കോര്‍. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് 82 ഉം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിക്ക് 78 ഉം സ്‌കോര്‍ ലഭിച്ചു.

മാനവവിഭവ ശേഷി മന്ത്രാലയവും (ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്) യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷനും (യു.ജി.സി) ആണ് മൂല്യനിര്‍ണയം നടത്തുന്നത്.

വര്‍ഷം പ്രതി യു.ജി, പി.ജി, എംഫില്‍, പി.എച്ച്ഡി കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യം, പെണ്‍വിദ്യാര്‍ത്ഥികളുടെ അനുപാതം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളാണ് മൂല്യനിര്‍ണയത്തിന് വിധേയമാക്കുക.

വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്‌സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള അധ്യാപനം, പ്രസക്തമായ ഗവേഷണങ്ങള്‍ എന്നിവയാണ് ഇതു സാദ്ധ്യമാക്കിയത് എന്ന് വൈസ് ചാ്ന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബര്‍ 15നാണ് ജാമിഅയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാരികള്‍ക്കു നേരെ പൊലീസ് അഴിഞ്ഞാടിയിരുന്നത്. ക്യാംപസ് ലൈബ്രറിയില്‍ വായിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഏകപക്ഷീയമായി ആയിരുന്നു പൊലീസിന്റെ ആക്രമണം. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കു വഴി വച്ച അഴിഞ്ഞാട്ടത്തിനു പിന്നാലെ, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായും ജാമിഅ മില്ലിയ്യ മാറിയിരുന്നു.

SHARE