ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച് സഊദി

റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. കേസില്‍ രണ്ട് പേരെ വെറുതെവിട്ട സഊദി കോടതി മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

അല്‍ അറബ്, വതന്‍ എന്നീ സഊദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഖഷോഗി 2018 ല്‍ ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റിനുള്ളില്‍വെച്ചാണ് കൊല്ലപ്പെട്ടത്. സംഭവം സഊദി അറേബ്യ സമ്മതിച്ചിരുന്നു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി വിശദീകരണം. എന്നാല്‍ മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമാക്കിയില്ല.

ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സഊദി ഏംബസിയില്‍ തന്റെ പുനര്‍ വിവാഹ സംബന്ധമായ സാക്ഷ്യപത്രം ലഭിക്കാനായി ചെന്നപ്പോളാണ് കൊല്ലപ്പെട്ടത്. തിരോധാനത്തിന് പിന്നില്‍ സഊദി ഭരണകൂടമാണ് തുര്‍ക്കിയും മറ്റും ആരോപിക്കുന്നതെങ്കിലും സഊദി ഇത് നിഷേധിച്ച് നടപടികളിലേക്ക് കടക്കുകയായിരുന്നു.

അമ്പത്തൊമ്പതുകാരനായ ജമാല്‍ ഖഷോഗിയുടെ സഊദി വനിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം തുര്‍ക്കി യുവതിയെ വിവാഹം കഴിക്കാനായാണ് അദ്ദേഹം രേഖകള്‍ക്കായി ഇസ്താംബുള്‍ എംബസി മന്ദിരത്തിലെത്തിയിരുന്നത്. ഭാര്യയോടൊപ്പം എത്തിയ ഖഷോഗി ഉച്ചക്ക് 1.15ന് മന്ദിരത്തിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

SHARE