ഹരിപ്പാട് ജലജ വധക്കേസ്: പ്രതി പിടിയില്‍

ഹരിപ്പാട്: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിദേശത്തായിരുന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിച്ച് പിടികൂടുകയായിരുന്നു.

2015 ഓഗസ്റ്റ് 13നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗീകപീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്.

ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കഴിഞ്ഞ അഞ്ചു മാസമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതി സജിത്ത് ലാല്‍ പിടിയിലായത്. ജലജയുടെ അയല്‍വാസിയായ രഘുവിന്റെ സുഹൃത്താണ് സജിത്ത്. രഘുവിനെ അന്വേഷിച്ച് ജലജയുടെ വീട്ടിലെത്തിയ സജിത്ത് അവരോട് അപമര്യാദയായി സംസാരിച്ചു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടാവുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകമെന്ന് വരുത്തിതീര്‍ക്കാന്‍ ജലജയുടെ ആഭരണങ്ങളും പ്രതി മോഷ്ടിച്ചിരുന്നു.

മൊബൈല്‍ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി സജിത്താണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു. കൊലപാതകം നടന്ന് മാസങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിക്കുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന കൊലപാതകമായതു കൊണ്ട് തന്നെ അന്വേഷണത്തിനിടെ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രദേശവാസികളായ ഒട്ടേറെയുവാക്കള്‍ പൊലീസ് പീഡനത്തിന് ഇരയായി എന്ന ആരോപണവും നിലനിന്നിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് പ്രതി പിടിയിലായത്.