ന്യൂഡല്‍ഹി: ഗിര്‍വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ദ്ധനയുണ്ടായ സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചിരുന്നു. സിംഹക്കുഞ്ഞുങ്ങളുടെ മനോഹരമായ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
‘ഗുജറാത്തിലെ ഗിര്‍വനത്തില്‍ ജീവിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29 ശതമാനം വര്‍ദ്ധിച്ചു. ഭൂമിശാസ്ത്ര പ്രദേശങ്ങളില്‍ 36 ശതമാനവും വര്‍ദ്ധനവുണ്ടായി. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഇതിനെ പിന്തുണച്ചവര്ക്കും അഭിനന്ദനങ്ങള്‍’ – എന്നായിരുന്നു മോദിയുടെ കുറിപ്പ്.
എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ പദ്ധതികളാണ് സിംഹങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമായത് എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 1972 ജനുവരിയിലാണ് ഇന്ദിര പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ ക്രഡിറ്റ് ഏറ്റെടുക്കുന്നത് പ്രധാനമന്ത്രിയുടെ സ്ഥിരം പരിപാടിയാണ് എന്നും അദ്ദേഹം പരിഹസിച്ചു.