മഹാമാരി കാലത്ത് ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്റ്

കൊറോണ വൈറസ് പിടിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ബ്രസീലിലെ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോ. ആരോഗ്യമന്ത്രിയായ ലൂയിസ് ഹെന്റിക് മന്‍ഡെറ്റയെയാണ് ബോല്‍സനാരോ പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് പുറത്താക്കലിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ഭിഷഗ്വരനായ മന്‍ഡെറ്റയ്ക്ക് രാജ്യത്ത് ഏറെ പിന്തുണയുണ്ട്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവര്‍ണമാര്‍ മുഖേന അദ്ദേഹം നടപ്പാക്കിയ കര്‍ശന ഐസൊലേഷന്‍ നടപടികള്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. മന്‍ഡെറ്റയ്ക്ക് കിട്ടുന്ന ജനപ്രീതിയില്‍ ബോല്‍സൊനാരോ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുപോലെ കോവിഡ് 19നെ ഒരു ചെറിയ പനി എന്നാണ് ബോല്‍സൊനാരോ വിശേഷിപ്പിച്ചത്. അടച്ചിടല്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുമെന്നായിരുന്നു ബോല്‍സൊനാരോയുടെ നിലപാട്. ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യമായ ബ്രസീലില്‍ 30,000ല്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രണ്ടായിരത്തോളം മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നിട്ടും വിവേകപരമായ തീരുമാനങ്ങള്‍ എടുക്കാതെയുള്ള ബോല്‍സനാരോയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

SHARE