തിഹാര്‍ ജയിലില്‍ സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരന്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരന്‍ കുത്തിക്കൊന്നു. 21കാരനായ സാകിര്‍ 27കാരനായ മുഹമ്മദ് മെഹ്താബിനെയാണ് കൊന്നത്. ഇരുവരും തിഹാറിലെ തടവുകാരായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ എട്ടാംനമ്പര്‍ ജയിലിനുള്ളിലാണ് സംഭവം. ആറുവര്‍ഷംമുമ്പാണ് മുഹമ്മദ് മെഹ്താബ് സാകിറിന്റെ സഹോദരിയെ ബലാത്സംഗം ചെയ്യുന്നത്.

2014-ല്‍ സാകിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗംചെയ്ത കേസിലാണ് മെഹ്താബ് ശിക്ഷിക്കപ്പെട്ടത്. ഇര പിന്നീട് ആത്മഹത്യചെയ്തു. ഇയാളോട് പകപോക്കാനായി കാത്തിരിക്കുകയായിരുന്നു സാകിറെന്നാണ് പോലീസ് പറയുന്നത്.

ദക്ഷിണപുരി സ്വദേശിയായ സാകിറിനെ അഞ്ചാം നമ്പര്‍ ജയിലില്‍നിന്ന് അടുത്തിടെയാണ് എട്ടിലേക്ക് മാറ്റിയത്. സഹതടവുകാരുമായി അടിയുണ്ടായതിനെത്തുടര്‍ന്നായിരുന്നു മാറ്റം. എട്ടാം നമ്പറിലെ മുകളിലെ നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. നിസാമുദ്ദീന്‍ സ്വദേശിയാണിയാള്‍. സഹതടവുകാര്‍ പുലര്‍ച്ചെ പ്രാര്‍ഥനയ്ക്കായി പോയ സമയംനോക്കി സാകിര്‍ മുകള്‍നിലയിലെത്തി മൂര്‍ച്ചയുള്ള ഉപകരണംകൊണ്ട് മെഹ്താബിനെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാകിറിനെതിരേ കൊലപാതകത്തിന് കേസെടുത്തു. 2018ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ സാകിര്‍ അന്നുമുതല്‍ ജയിലിലാണ്.

SHARE