ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്

കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്നു. മകന്‍ രാജ്കുമാറിന്റെ കമ്പനിയായ ജഗതിശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യത്തെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. രാജ്കുമാറിനു പുറമെ ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍, കുടുംബാംഗങ്ങള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി പ്രത്യക്ഷപ്പെടുക.
സിനിമയിലെ സുഹൃത്തുക്കളുമായി ഇടപഴകുന്നതിലൂടെ അഛന്റെ രോഗം കൂടുതല്‍ സുഖപ്പെടുമെന്ന ഡോക്ടറുടെ അഭിപ്രായത്തെ തുടര്‍ന്നാണ് വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നതെന്ന് രാജ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജഗതിയുടെ തിരിച്ചു വരവില്‍ സന്തോഷിക്കുകയാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാം.
നാലു ദശാബ്ദക്കാലം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി ശ്രീകുമാറിന്, 2012 മാര്‍ച്ച് 10ന് മലപ്പുറത്തെ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.
1975ല്‍ ജെ.ശശികുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി കല്യാണിയിലൂടെയാണ് ജഗതിയുടെ അരങ്ങേറ്റം. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും ആശ്വാസമാവുകയാണ് പുതിയ വാര്‍ത്ത.

SHARE