എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ജസീന്ദ ആര്‍ഡെര്‍ന്‍; ന്യൂസിലാന്റിലേക്ക് ഇനിവരുന്നവര്‍ക്ക് ഇരട്ട കോവിഡ് പരിശോധന

Chicku Irshad
വില്ലിങ്ടണ്‍: ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍ സജീവമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ പ്രഖ്യാപിച്ചു. ലോകത്ത് കോവിഡ് സ്ഥിരികരണം എഴുപത് ലക്ഷം കടന്നിരിക്കെയാണ് രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകള്‍ ഒന്നുപോലുമില്ലെന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ഫെബ്രുവരി 28 ന് ശേഷം ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍ ഉണ്ടായിട്ടില്ലെന്നും കൊറോണ വൈറസ് നീരീക്ഷണത്തിലുണ്ടായിരുന്ന അവസാന വ്യക്തിയേയും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ മോചിപ്പിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ്, രാജ്യത്തേക്കുള്ള പ്രവേശനങ്ങളിലെ നിയന്ത്രണം ഒഴികെയുള്ള അവശേഷിക്കുന്ന എല്ലാ സാമൂഹിക അകലങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും നീക്കംചെയ്യുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ദ അര്‍ഡെര്‍ന്‍ പ്രഖ്യാപിച്ചത്.

എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളും നീക്കംചെയ്യുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചിരന്നു. ഇന്ന് രാത്രി മുതല്‍, ശാരീരിക അകലം, പൊതുവിടങ്ങളിലെ നിയന്ത്രങ്ങള്‍ തുടങ്ങി ശേഷിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിക്കും.

വെല്ലിംഗ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ”ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു,” പ്രധാനമന്ത്രി ആര്‍ഡെര്‍ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”വൈറസിനെ തകര്‍ക്കാന്‍ അഭൂതപൂര്‍വമായ വഴികളില്‍ ഐക്യപ്പെട്ടതിന്” ന്യൂസിലാന്റുകാരെ അവര്‍ പ്രശംസിക്കുകയും ചെയ്തു. ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍ 1,500 ല്‍ താഴെയാണ്. ആകെ 22 പേരാണ് മരിച്ചത്.

രാജ്യം കോവിഡ് -19 സ്വതന്ത്രമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഒരു ചെറിയ നൃത്തം ചെയ്‌തെന്നും പ്രധാനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രോഗം ഇല്ലാതെയായി എന്നു പറയാനാവില്ലെന്ന് ആര്‍ഡെര്‍ന്‍ മുന്നറിയിപ്പ് നല്‍കി, ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി അവസാനിച്ചുവെന്ന് പറയാം എന്നാല്‍ തീര്‍ച്ചയായും ഇവിടെ കേസുകള്‍ വീണ്ടും വന്നേക്കാം,” പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് നമ്മള്‍ പരാജയപ്പെട്ടതിന്റെ അടയാളമല്ല. മറിച്ച് ഈ വൈറസിന്റെ സ്വഭാവവും യാഥാര്‍ത്ഥ്യവും അങ്ങനെയാണെന്നും, പ്രധാനമന്ത്രി ജസിന്ദ അര്‍ഡെര്‍ന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യാതിര്‍ത്തിയിലോ പരിസരത്തോ ജോലി ചെയ്യുന്ന എല്ലാവരേയും നിരീക്ഷണത്തിനും കോവിഡ് പരിശോധനക്കും വിധേയമാക്കുമെന്നും ആരോഗ്യ ഡയറക്ടര്‍ പറഞ്ഞു. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലനില്‍ക്കു. ന്യൂസിലാന്റുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ നിലവില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഇവര്‍ രണ്ടാഴ്ചയോളം സര്‍ക്കാര്‍ നടത്തുന്ന ക്വാറന്റൈനില്‍ താമസിക്കണം.

ഇതുവരെ രാജ്യത്തിലെത്തിയ എല്ലാവരേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് കോറോണ വൈറസ് ഇല്ലെന്ന് ന്യൂസിലാന്റ് സ്വയം പ്രഖ്യാപിക്കുന്നത്. ഈ ആഴ്ച മുതല്‍ ന്യൂസിലാന്റ് അതിര്‍ത്തി കടക്കുന്ന എല്ലാവരേയും രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ പരീക്ഷിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറയുന്നു. ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പരിശോധനയും തുടരും.