പ്രധാനമന്ത്രിയെ കൈവിടില്ല; ന്യൂസിലാന്‍ഡില്‍ കുതിച്ചുയര്‍ന്ന് ജസീന്ദയുടെ ജനപ്രീതി

വെല്ലിങ്ടണ്‍: ശക്തമായ ലോക്ക്ഡൗണിലൂടെ കോവിഡിനെ നേരിട്ട രീതിക്കു പിന്നാലെ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്റെ ജനപ്രീതി കുതിച്ചുയരുന്നു. യു.എം.ആര്‍ മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തിയ സര്‍വേയിലാണ് ജസീന്ദയും ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയും ജനങ്ങള്‍ക്കിടയില്‍ വന്‍ ജനസമ്മിതി നേടി എന്ന് പറയുന്നത്. 65 ശതമാനമാണ് ജസീന്ദയുടെ ജനപ്രീതി. ജസീന്ദയുടെ രാഷ്ട്രീയ എതിരാളിയായ നാഷണല്‍ പാര്‍ട്ടി നേതാവ് സൈമണ്‍ ബ്രിജിന്റെ ജനപ്രിയത വെറും ഏഴു ശതമാനം മാത്രം.

ലേബര്‍ പാര്‍ട്ടിക്ക് 55 ശതമാനം ജനസമ്മിതി കിട്ടിയപ്പോള്‍ പ്രതിപക്ഷത്തിന്റെ ജനപ്രിയത 30 ശതമാനത്തിലേക്ക് താഴ്ന്നു. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറവ് ജനപിന്തുണയാണിത്. മറ്റു കക്ഷികളായ ഗ്രീന്‍സിന് അഞ്ചു ശതമാനവും ന്യൂസിലാന്‍ഡ് ഫസ്റ്റിന് ആറ് ശതമാനവും ജനസമ്മിതി ലഭിച്ചു.

കോവിഡ് മഹാമാരിക്കെതിരെ കൃത്യമായ ദിശയിലൂടെയാണ് രാജ്യം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജ്യം ഏറ്റവും കഠിനമേറിയ ലോക്ക്ഡൗണ്‍ അനുഭവിച്ച ഏപ്രില്‍ 21നും 27നും ഇടയിലായിരുന്നു അഭിപ്രായ സര്‍വേ. കോവിഡിനെ നേരിടുന്നതില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്റെ വൈഭവം നേരത്തെ തന്നെ ലോകത്തടനീളം പ്രശംസയ്ക്ക് വിധേയമായിരുന്നു. വിഖ്യാത മാദ്ധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസ് ഇവരെ സെന്റ് ജസീന്ദ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

വെള്ളിയാഴ്ചയിലെ കണക്കു പ്രകാരം രാജ്യത്ത് മൊത്തം 1479 പോസിറ്റീവ് കേസുകളാണ് മൊത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1252 പേര്‍ രോഗമുക്തി നേടി. 19 പേര്‍ മരണത്തിന് കീഴടങ്ങി.