ജേക്കബ് തോമസിനെ ഐ.എം.ജി ഡയരക്ടറാക്കി ഒതുക്കി

തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിജിലന്‍സ് മേധാവിയായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അവധിയില്‍ പോയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയരക്ടറാക്കി ഇന്നലെ രാവിലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. പിന്നാലെ ഐം.എം.ജിയിലെത്തി ജേക്കബ് തോമസ് ചുമതലയേറ്റു.

താന്‍ ഇപ്പോള്‍ കൂട്ടിലല്ലെന്നും വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാര്യം പിന്നീട് പറയാമെന്നും സ്ഥാനമേറ്റശേഷം ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റിയതിന്റെ കാര്യവും കാരണവും താനാണോ സര്‍ക്കാറാണോ ആദ്യം പറയുക എന്ന് നോക്കാം. പുതിയ പുസ്തകത്തില്‍ ഇക്കാര്യമുണ്ടാകും. കാലാവധി തികക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവുമാണ് ഐ.എം.ജിയും വിജിലന്‍സ് ആസ്ഥാനവും. ക്രമസമാധാനത്തില്‍ ഒരു മാനേജ്‌മെന്റുണ്ടെങ്കില്‍ അത് ഐ.എം.ജിയിലാണ്. ജനപക്ഷമാണ് താന്‍ ശ്രദ്ധിക്കുന്നത്. ഇതുവരെ പോകാത്ത വഴിയിലൂടെ സഞ്ചരിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു.

സെന്‍കുമാര്‍ തിരിച്ചുവന്നതാണോ വിജിലന്‍സിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിന് കാരണമെന്ന ചോദ്യത്തിന് സിവില്‍ സര്‍വീസില്‍ രണ്ട് കുട്ടിയേ പാടുള്ളൂ. മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ എന്തു ചെയ്യും. മൂന്നാമതൊരു കുട്ടി ഉണ്ടായിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സമയത്ത് കൂട്ടില്‍ കയറിയിരിക്കും. ചിലപ്പോള്‍ പുറത്തിറങ്ങിയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു.

അവധികഴിഞ്ഞു തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഏതുപദവി നല്‍കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റക്ക് പകരം ചുമതലയും നല്‍കി. ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായപ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടറാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെടുത്ത രണ്ട് മാസത്തെയും 17 ദിവസത്തെയും അവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിനിടെ പദവിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും കത്ത് നല്‍കി. തുടര്‍ന്നാണ് ഇന്നലെ നിയമന ഉത്തരവിറങ്ങിയത്.

SHARE