ബലാത്സംഗ ഭീഷണി മുഴക്കിയ ബി.ജെ.പിക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇല്ല; വനിതാ ഡോക്ടര്‍ രാജിവെച്ചു

ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.

രോഗിയായ ഒരു കുട്ടിയെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് റഫര്‍ ചെയ്തതിന് കുട്ടിയുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ആസ്പത്രിയില്‍ വെച്ചും പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ വെച്ചും തന്നെ തെറി വിളിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തന്നെ അപമാനിച്ചവര്‍ പ്രാദേശിക ബി.ജെ.പി നേതാക്കളാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ, കുടുംബക്ഷേമ ഡയറക്ടര്‍ക്കാണ് ഡോക്ടര്‍ പരാതി നല്‍കിയത്. രാജിക്കത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ബലാല്‍സംഗഭീഷണി ഡോക്ടര്‍ വിശദീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശ്യാമ ചരണ്‍ ശുക്ലയുടെ ബന്ധുവാണ് വനിതാഡോക്ടര്‍. തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും എന്നിട്ടും ഇതുവരെ പൊലീസ് എഫ.്‌ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.