പ്രവാസികളെ സഹായിക്കാന്‍ ഇവിടെ കാശ് കെട്ടിവെച്ചിരിക്കുകയാണോ?; ജെ.മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇവിടെയാരും കാശ് കെട്ടിവെച്ചിരിക്കുന്നില്ല എന്ന വിവാദ പരാമര്‍ശവുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയത്. പ്രവാസി മലയാളികളുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് മന്ത്രിയുടെ പരാമര്‍ശം. പ്രവാസി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സഹായം നല്‍കാനാവില്ലെന്ന് അവര്‍ പറഞ്ഞു. മരിക്കുന്ന ആളുകള്‍ക്കെല്ലാം കാശു കൊടുക്കാന്‍ ആരുമിവിടെ കാശ് കെട്ടിവെച്ചിരിക്കുന്നില്ല എന്നായിരുന്നു പ്രതികരണം.

പ്രവാസികളുടെ ജീവന് യാതൊരു വിലയും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശം വിവാദമാകുന്നത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാത്ത നിലപാടിനെതിരെയും വിമര്‍ശനം നിലനില്‍ക്കുകയാണ്. ചെറിയ ധനസഹായമെങ്കിലും ഇവര്‍ക്ക് നല്‍കണമെന്ന ആവശ്യങ്ങളെയാണ് മന്ത്രി ഇപ്പോള്‍ പരിഹാസത്തോടെ നേരിട്ടിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ നടത്താന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് കേരളത്തിന്റെ വികസനത്തില്‍ നെടുംതൂണായ പ്രവാസികളെ വീണ്ടും അധിക്ഷേപിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളുമായി രംഗത്തെത്തുന്നത്. കോവിഡ് കാലത്ത് ചിലവ് കുറക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും പറയുന്ന സര്‍ക്കാര്‍ കോവിഡ് കാലത്ത് ധൂര്‍ത്ത് നടത്തിയതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു.

SHARE