ജയലളിതയുടെ മരണത്തില്‍ വീണ്ടും വിവാദം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിയമമന്ത്രി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖം രംഗത്തെത്തി. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷണ്‍മുഖം പറഞ്ഞു. നീണ്ട ആസ്പത്രി വാസത്തിനൊടുവില്‍ 2016- ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്.

ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ജയലളിത ജീവിക്കുമായിരുന്നു. വിദേശത്ത് ചികിത്സക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം എതിര്‍ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണത്തിന് ഒരു അന്വേഷണ കമ്മീഷനെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജയലളിതക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ ഒരു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആസ്പത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും ‘അനുചിതമായ ചികിത്സയാണ്’ അവര്‍ക്ക് നല്‍കിയിരുന്നതെന്നുമാണ് കമ്മീഷന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആസ്പത്രിയും ആരോഗ്യസെക്രട്ടറിയും ഇക്കാര്യം നിഷേധിച്ചു.

SHARE