ആനക്കൊമ്പ് കേസ്; നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണം

ആനക്കൊമ്പ് കൈവശം വച്ചകേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി സമന്‍സ് അയച്ചു.

വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബര്‍ 30 നാണ് കോടതിക്ക് കൈമാറിയത്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

SHARE