ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ മാസം 16 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹന്‍ലാല്‍ അടക്കം കേസില്‍ നാലു പ്രതികളാണുളളത്. മോഹന്‍ലാലാണ് ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്

മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ ആദായികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.

1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാര്‍ മുതലായ ആനക്കൊമ്പുകള്‍ സംബന്ധിച്ച് സര്‍ക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നല്‍കാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.

SHARE