ഡല്‍ഹിയോട് തോറ്റ് മുംബൈ പുറത്ത് : ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം

ന്യൂഡല്‍ഹി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയിലെത്താതെ മുംബൈ സിറ്റിയും പുറത്തേക്ക്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനോട് അവര്‍ തോറ്റത്. മുംബൈയില്‍ തങ്ങളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ മധുരമായ പകരം വീട്ടല്‍ കൂടിയായി ഡല്‍ഹിയുടെ ഈ വിജയം. ഇതോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കയറാന്‍ വേണ്ടി കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലായിരിക്കും മത്സരിക്കുക.

ഒന്നാം പകുതിയില്‍ ഡൈനാമോസ് ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ബാക്കി നാലു ഗോളുകള്‍ കൂടി അവര്‍ അടിച്ചത്. ഡല്‍ഹിയ്ക്ക് വേണ്ടി നന്ദകുമാര്‍ ശേഖര്‍(5), മത്യാസ് മിരബാജെ(74), മാന്വല്‍ അരാന(81പെനാള്‍ട്ടി), കാലു ഉച്ചെ(85) ലാലിയാന്‍സുല ചാങ്‌തെ (90+2) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മുംബയുടെ ആശ്വാസ ഗോള്‍ എവര്‍ട്ടണ്‍ സാന്റോസിന്റെ(49) വകയായിരുന്നു.

കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ നന്ദകുമാര്‍ ശേഖറും സത്യാസെന്‍ സിങ്ങും ചേര്‍ന്നുള്ള നീക്കമായിരുന്നു ഗോളില്‍ കലാശിച്ചത്. മൈതാന മധ്യത്ത് നിന്നും ശേഖര്‍ നല്‍കിയ ത്രൂ പാസ് പിടിച്ചെടുത്ത് വലതു വിങ്ങിലൂടെ ഓടിക്കയറിയ സത്യസെന്‍ സിങ് ബോക്‌സിലേക്ക് ക്രോസ് നല്‍കി. മധ്യത്തിലൂടെ ഓടിക്കയറിയ ശേഖര്‍ കൃത്യമായി പന്ത് വലയിലാക്കി. തങ്ങളുടെ വലയില്‍ ഗോള്‍ വീണിട്ടും ഒരു ഉണര്‍വ് മുംബൈയുടെ ഭാഗത്ത് കണ്ടില്ല.