റിലയന്‍സിനിത് സുവര്‍ണ കാലഘട്ടം; 58 ദിവസത്തിനിടെ എത്തിയത് 1.68 ലക്ഷം കോടി നിക്ഷേപം!

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കരടഹിത കമ്പനിയാക്കമെന്ന വാഗ്ദാനം ഉദ്ദേശിച്ച സമയത്തിനും മുമ്പെ സാക്ഷാത്കരിച്ചതായി ചെയര്‍മാന്‍ മുകേഷ് അംബാനി. 58 ദിവസത്തികനം 168,818 കോടി രൂപ സമാഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2021 മാര്‍ച്ച് 31ന് മുമ്പ് കമ്പനിയെ കടമുക്തമാക്കുമെന്നായിരുന്നു അംബാനിയുടെ വാഗ്ദാനം.

ആഗോള ടെക് നിക്ഷേപകരാണ് റിലയന്‍സില്‍ വന്‍കിട നിക്ഷേപങ്ങള്‍ നടത്തിയിരുന്നത്. 1.16 ലക്ഷം കോടി നിക്ഷേപങ്ങള്‍ വഴിയും 53,124.20 കോടി റൈറ്റ് ഇഷ്യൂവില്‍ നിന്നുമാണ് റിലയന്‍സിലെത്തിയത്.

2019 ഓഗസ്റ്റ് 12ന് ചേര്‍ന്ന 42-ാം വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് 2021 മാര്‍ച്ച് 31ന് മുമ്പ് കമ്പനിയെ കടരഹിതരമാക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നത്.

ഇത്ര ചെറിയ സമയത്തിനുള്ളില്‍ ഇത്രയും കൂടുതല്‍ തുക നിക്ഷേപമെത്തിയ കമ്പനികള്‍ ഇല്ലെന്ന് അംബാനിയുടേതായി കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിക്കപ്പെട്ട ആഗോള ലോക്ക്ഡൗണിനിടെയാണ് ഇത്രയും കൂടുതല്‍ തുക സമാഹരിക്കാനായത്. റിലയന്‍സിനിത് സുവര്‍ണ കാലഘട്ടമാണ്- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമിലെ ഓഹരികളാണ് ലോക്ക്ഡൗണ്‍ കാലത്ത് വിറ്റുപോയത്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വില ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്‍ഡിക്, കെ.കെ.ആര്‍, മുബാദല, എഡിഐ, ടിപിജി, എല്‍ കാറ്റര്‍ ടോണ്‍, പിഐഎഫ് തുടങ്ങിയ ഭീമന്മാരാണ് ഒമ്പതാഴ്ചയ്ക്കിടെ ജിയോയില്‍ 115,693.95 കോടി രൂപ നിക്ഷേപമിറക്കിയത്.

SHARE