ആഘോഷമല്ലേ എല്ലാം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ട്രംപിന്റെ മകള്‍ ഇവാന്‍ക

വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്കെതിരെ ലോകം മുഴുവന്‍ സാമൂഹ്യ അകലം പാലിക്കുന്ന വേളയില്‍ ഫെഡറല്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. വീട്ടിലിരിക്കണെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഈസ്റ്റര്‍ ആഘോഷത്തിനായി പെസഹ രാത്രി ഇവാന്‍ക വാഷിങ്ടണില്‍ നിന്ന് ന്യൂജഴ്‌സിയിലേക്ക് യാത്ര ചെയ്തു. ന്യൂയോര്‍ക്ക് ടൈംസാണ് ഇവാന്‍കയുടെ യാത്രയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നത്.

ന്യൂജഴ്‌സിയിലെ ബെഡ്മിനിസ്റ്ററിലുള്ള ബന്ധുക്കളുടെ അടുത്തേക്കാണ് ട്രംപിന്റെ മൂത്ത മകള്‍ പോയത്. കൂടെ ഭര്‍ത്താവും വൈറ്റ്ഹൗസിലെ സീനിയര്‍ ഉപദേശകനമായ ജെറദ് കുഷ്‌നറും മൂന്നു മക്കളുമുണ്ടായിരുന്നു. സന്ദര്‍ശന ശേഷം കുഷ്‌നര്‍ തലസ്ഥാനത്തേക്ക് തിരിച്ചു വന്നു. ഇവാന്‍ക അവിടെ തങ്ങുകയും ചെയ്തു. ബെഡ്മിനിസ്റ്ററിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബിലാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നത്.

നേരത്തെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ കഴിയാന്‍ അഭ്യര്‍ത്ഥന നടത്തിയയാളാണ് ഇവാന്‍ക. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് അവര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വൈറസിന്റെ വ്യാപനത്തെ പതിയെയാക്കുന്നതില്‍ ഓരോരുത്തരും അവരുടേതായ പങ്കുവഹിക്കണമെന്നും അവര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ ഒന്നിനാണ് വാഷിങ്ടണില്‍ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടത്. അവശ്യ സേവനങ്ങള്‍ക്കു വേണ്ടിയല്ലാതെ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.

SHARE