രാഷ്ട്രീയ മുന്നേറ്റമായി കിഷന്‍ഗഞ്ചില്‍ മുസ്‌ലിം ലീഗ് മഹാസമ്മേളനം

മതേതര വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം വഞ്ചിച്ചവരെ ജനം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി. കിഷന്‍ഗഞ്ചിലെ ലോഹഗട്ടില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ പങ്കെടുത്ത മഹാസമ്മേളനം ബീഹാറില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷയും നല്‍കുന്നതായി മാറി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ജില്‍ജിലാ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നഈം അക്തര്‍ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് കേരള സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ എം സി മായിന്‍ ഹാജി, ഡോ. സിപി ബാവഹാജി സംസാരിച്ചു.ബീഹാര്‍ പര്യടനത്തിലുള്ള ലീഗ് നേതാക്കള്‍ക്കൊപ്പം ഇടി മുഹമ്മബ് ബഷീര്‍ എം പി അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി കിഷന്‍ഗഞ്ച് ഓഫ് ക്യാമ്പസ് സന്ദര്‍ശിച്ചു. ഉന്നത വിദ്യഭ്യാസ മേഖലകളിലേക്കുള്ള ന്യൂനപക്ഷങ്ങളുടെ കടന്നു വരവ്് ബിജെപി ഭയത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ്് ന്യൂനപക്ഷ വിദ്യഭ്യാസ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്. ക്യാമ്പസ് അധികൃതര്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതോടൊപ്പം അലിഗണ്ഡ് യൂണിവേഴ്‌സിറ്റിയും കടുത്ത നയങ്ങളില്‍ അയവു വരുത്തണം. ഒരു ബില്ല് പാസ്സാക്കാന്‍ അലിഗണ്ഡ വരെ പോകേണ്ട സാഹചര്യം മാറണം. ഓഫ് ക്യാമ്പസുകളില്‍ സ്‌കൂളുകള്‍ അനുവദിച്ച് പ്രൈമറി വിദ്യഭ്യാസം ശക്തിപ്പെടുത്തണമെന്നും ഇടി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലെ ചുവടുകള്‍ ശക്തമാക്കാനാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന കിഷന്‍ഖഞ്ചിലെ വാര്‍ത്താ സമ്മേളനത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് സര്‍ക്കാറുകള്‍ ഒളിച്ചോടരുത്. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിക്കാവശ്യമായ നല്ല സ്ഥാപനങ്ങളില്ല. മദ്രസാ ബോര്‍ഡിനും ഉര്‍ദു അക്കാദമിക്കും ചെയര്‍മാന്‍ ഇല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് മുന്നണിയെ തോല്‍പിച്ച് കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യ പുരോഗമന മുന്നണിയെ അധികാരത്തിലെത്തിച്ചാല്‍ മാത്രമേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭാവിയെ കുറിച്ച് പ്രതീക്ഷയുള്ളവരാകാന്‍ കഴിയൂ എന്നും കിഷന്‍ഖഞ്ചില്‍ മാധ്യപ്രവര്‍ത്തകരോട് ഇടി പറഞ്ഞു. മുഹമ്മദ് കോയ തിരുനാവായ, ഹമദ് മൂസ, എം കെ ഹംസ, നിഅ്മത്തുല്ലാ കോട്ടക്കല്‍, മുഹമ്മദ് കൊച്ചുകുളം,ഡോ. അബ്ദുസ്സമദ് കുറ്റിയാടി, പ്രൊഫ റാശിദ് നഹാള്‍, ഡോ. അസീമു റഹ്മാന്‍, ശിഹാബുദ്ദീന്‍, സഫറുല്ല മുല്ല, അബ്ദുല്‍ ബാരിലത്തീഫ് രാമനാട്ടുകര, വാജിദ് കൊയിലാണ്ടി , മഹ്മൂദ് പെരിങ്ങത്തൂര്‍, ശൗക്കത്തലി, അന്‍സബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.