വിനായകനെ അവര്‍ കൊന്നതാണ്; സോഷ്യല്‍ മീഡിയയില്‍ #ItsMurder ഹാഷ്ടാഗ് പ്രതിഷേധം കനക്കുന്നു

പൊലീസ് കസ്റ്റഡിയിലേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയയും. വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് #itsMurder എന്ന ഹാഷ് ടാഗോട് കൂടിയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിറയുകയാണ്.

‘വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കു, വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

പ്രമുഖരായ നിരവധി മനുഷ്യവകാശപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും #itsMurder എന്ന ഹാഷ്ടാഗോട് കൂടി വിനായകന്റെ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നു. ജാതിവിവേചനത്തിന്റെയും പൊതു കാഴ്ച്ചപാടുകളുടെയും ഇരയാണ് വിനായകന്‍. ഭരണകൂട വംശീയതയാണ് വിനായകന്റെ മരണത്തിലേക്ക് നയിച്ചത്. കറുത്ത് മെലിഞ്ഞ് മുടി വളര്‍ത്തിയ ദലിത് യുവാവ് കുറ്റക്കാരനാണ് എന്ന മനോഭാവമാണ് പൊലീസ് പീഡനത്തിന് പിന്നിലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

പൊലീസിന്റെ ദുരധികാര മനോവൈകൃതങ്ങളോട് ഇത്രയേറെ പൊരുത്തപ്പെട്ട ഒരു ഇടതുപക്ഷ സര്ക്കാര്‍ ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല.സര്‍ക്കാര്‍ മാത്രമല്ല, എന്തുതരം പൊലീസ് ഭീകരതയെയും ന്യായീകരിക്കാന്‍ തയ്യാറായ, ചെഗുവേര ഫാന്‍സ് എന്നൊക്കെപ്പറയുന്ന ഒരാള്‍ക്കൂട്ടത്തെയും അതുണ്ടാക്കിക്കഴിഞ്ഞു. വലതുപക്ഷ സര്‍ക്കാരുകളെ പറയേണ്ടതില്ല. പൊലീസ് എക്കാലത്തും അവര്‍ക്ക് ജനങ്ങളെ തല്ലിയൊതുക്കാനുള്ള ചോറ്റുപട്ടികളാണ്. പ്രമോദ് പുഴങ്കര പറയുന്നു.

പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെ വീട്ടില്‍ തിരിച്ചെത്തിയ 19കാരനായ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജനകീയ സമരങ്ങളില്‍ അക്രമം അഴിച്ച് വിടുന്ന സര്‍ക്കാരിന്റെ പൊലീസ്, ലോക്ക്അപ്പ് മുറികളില്‍ ഇതില്‍ കൂടുതല്‍ ഭീകരത കാണിക്കുമെന്ന പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരാനാണ് എന്ന് കണ്ടെത്തിയ പൊലീസുകാരനെതിരെയുള്ള നടപടി വെറും സസ്‌പെന്‍ഷനില്‍ ഒതുക്കിയതിലും പ്രതിഷേധമുയരുന്നുണ്ട്. പൊലീസുകാരുടെ മനോവീര്യത്തിന്റെ പേരില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നടപടി ലജ്ജാകരമാണെന്നും പിണറായിയുടെ മൗനം കേരള മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും പോസ്റ്റുകളില്‍ മനുഷ്യവകാശ പ്രവര്‍ത്തകര്‍ കുറിക്കുന്നു.

മുലക്കണ്ണുകള്‍ ഞെരിച്ച് പൊട്ടിക്കുക, തലമുടി വലിച്ച് പറിക്കുക, ജനനനേന്ദ്രിയം തകര്‍ക്കുക തുടങ്ങി മനസാക്ഷിയെ മരവിപ്പിക്കുന്ന മര്‍ദ്ദനമുറകളാണ് പൊലീസ് വിനായകന്റെ ശരീരത്തില്‍ നടപ്പാക്കിയത്.

വിനായകന്റെ മരണം ഭരണകൂട കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇറ്റ്‌സ്മര്‍ഡര്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍. വിനായകന്റെ വീട്ടിലേക്ക് വി ടി ബല്‍റാമിനെപ്പോലെ അപൂര്‍വ്വം ചില നേതാക്കളല്ലാതെ ആരും പോവാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ദലിത് ജീവിതങ്ങള്‍ക്ക് വിലയില്ലെന്ന് കരുതുന്ന പൊതുബോധത്തിനൊപ്പം നീങ്ങുന്ന സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശ്ക്തമാകുന്നു.

പാവറട്ടി സ്‌റ്റേഷനിലെത്തിച്ച ശേഷം തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പൊണ് വിനായകന്‍ തിരിച്ച് വീട്ടിലെത്തിയത്.

വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു.
ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്.

 

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒ ശ്രീജത്, സാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.